കീഴാറ്റൂരില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കോടിയേരി ബാലകൃഷ്ണന്‍

തളിപ്പറമ്പ്: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വടക്കന്‍ ജില്ലകളിലെ അലൈന്‍മെന്റ് മാറ്റില്ലെന്ന ഉറച്ച നിലപാടുമായി സര്‍ക്കാര്‍ മുന്നോട്ടുപോകവെ കീഴാറ്റൂര്‍ വിഷയത്തില്‍ വീണ്ടും നിലപാട് മയപ്പെടുത്തി സിപിഎം. കീഴാറ്റൂരില്‍ വയല്‍ സംരക്ഷണ സമരം നടത്തുന്നവരുടെ പ്രശ്‌നങ്ങള്‍ പരിശോധിക്കാനും അവരുമായി ചര്‍ച്ച നടത്താനും പാര്‍ട്ടി തയ്യാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം അനുകൂല സംഘടനകളുടെ നേതൃത്വത്തില്‍ കീഴാറ്റൂരില്‍ നടന്ന ഗ്രാമോല്‍സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കീഴാറ്റൂര്‍ വയലും കോടിയേരി സന്ദര്‍ശിച്ചു. കീഴാറ്റൂരില്‍ ബൈപാസിന്റെ പേരില്‍ സ്ഥലം നഷ്ടപ്പെടുന്നവരെ കണ്ണീരു കുടിപ്പിക്കില്ല. സിപിഎം ഇരകളുടെ കൂടെയായിരിക്കും. എന്നാല്‍, സമരത്തിനിടെ കലക്കവെള്ളത്തില്‍ നിന്ന് മീന്‍ പിടിക്കാനാണ് ബിജെപി പോലെയുള്ള പാര്‍ട്ടികളുടെ ശ്രമം. ബൈപാസ് പദ്ധതി വേണ്ടെന്നു പറയുന്നതു ഭാവി തലമുറയോടു ചെയ്യുന്ന തെറ്റാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
നേരത്തെ വയല്‍ക്കിളി സമരം ശക്തിയാര്‍ജിച്ച വേളയിലാണ് സിപിഎം ആദ്യമായി നിലപാട് മയപ്പെടുത്തിയത്. കീഴാറ്റൂര്‍ ദേശീയപാതാ പ്രശ്‌നം പഠിക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തിലെ റിസര്‍ച്ച് ഓഫിസര്‍ ജോണ്‍ തോമസിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘത്തെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചതോടെയാണ് നിലപാട് വീണ്ടും മയപ്പെടുത്താന്‍ സിപിഎം നേതൃത്വത്തെ നിര്‍ബന്ധിതരാക്കിയത്.
Next Story

RELATED STORIES

Share it