Flash News

കീഴാറ്റൂരിലെ വയല്‍ക്കിളികളെ തള്ളി സര്‍ക്കാര്‍

തിരുവനന്തപുരം: കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരായ സമരത്തെ പോലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. വികസനപരമായോ കാര്‍ഷികപരമായോ പ്രതിപക്ഷം ഉന്നയിച്ച വിഷയത്തിന് യാതൊരു അടിയന്തര സ്വഭാവവുമില്ലെന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞു. അവിടെ സമരം നടത്തുന്നത് വയല്‍ക്കിളികളല്ല; വയലിന് മുകളില്‍ പാറിപ്പറക്കുന്ന കഴുകന്മാരാണ്. ഇവര്‍ക്ക് വിദേശസഹായം ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. വയല്‍ക്കിളി സമരത്തെ പൂര്‍ണമായി തള്ളിയ സര്‍ക്കാര്‍, സമരത്തിനു പിന്നില്‍ വികസന വിരുദ്ധ ശക്തികളാണെന്നും മുദ്രകുത്തി.
പ്രതിപക്ഷത്തു നിന്നു വി ഡി സതീശനാണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ലാത്തി ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനും വയല്‍ മണ്ണിട്ടുനികത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ബൈപാസുമായി ബന്ധപ്പെട്ട അലൈന്‍മെന്റ് തയ്യാറാക്കാനും സര്‍വേക്കുമായി വന്ന ഉദ്യോഗസ്ഥരെ തടഞ്ഞത് സിപിഎം പ്രവര്‍ത്തകരായിരുന്നു. അവരെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു സാധിക്കുന്നില്ല. വികസനാവശ്യങ്ങള്‍ക്കു വേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട നിയമങ്ങളൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല. പ്രതിഷേധം നടത്തിയ വയല്‍ കാവല്‍ക്കാരുടെ സമരപ്പന്തല്‍ സിപിഎമ്മുകാര്‍ കത്തിച്ചു. ഇതെല്ലാം നടക്കുമ്പോള്‍ പോലിസ് കാഴ്ചക്കാരായി നിന്നു. നന്ദിഗ്രാമില്‍ സിപിഎം നടത്തിയ അഴിഞ്ഞാട്ടം കേരളത്തില്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര ട്രസ്റ്റിന്റെ സ്ഥലത്ത് അനധികൃതമായാണ് സമരപ്പന്തല്‍ കെട്ടിയതെന്നും അത് പൊളിച്ചുതരാന്‍ ക്ഷേത്രം ഭാരവാഹികള്‍ തന്നെ പോലിസിന് പരാതി നല്‍കിയിരുന്നുവെന്നും സ്ഥലം എംഎല്‍എയായ ജെയിംസ് മാത്യു ചൂണ്ടിക്കാട്ടി.
വികസനത്തിന്റെ കാര്യത്തില്‍ എതിര്‍പ്പില്ലെന്നും സമരക്കാരെ നേരിടുന്ന സമീപനമാണ് പ്രശ്‌നമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കുന്നതിനു പകരം പോലിസിനെ ഉപയോഗിച്ചാല്‍ തടയുമെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Next Story

RELATED STORIES

Share it