World

കിമ്മുമായുള്ള കൂടിക്കാഴ്ച 12ന്; സന്നദ്ധത അറിയിച്ച്് ട്രംപ്‌

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച ഈ മാസം 12നു തന്നെ നടത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സന്നദ്ധത അറിയിച്ചു. മുന്‍ നിശ്ചയപ്രകാരം സിംഗപ്പൂരില്‍ വച്ചായിരിക്കും കൂടിക്കാഴ്ച. ഉത്തരകൊറിയയുമായുള്ള ഉച്ചകോടി റദ്ദാക്കുമെന്ന് ട്രംപ് നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു തൊട്ടടുത്ത ദിവസം തന്നെ ഉത്തരകൊറിയയുടെ പ്രതികരണവും പുറത്തുവന്നു. പിന്നീട് ഉച്ചകോടിക്കുള്ള സാധ്യത അടയുന്നില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു.
ഉത്തരകൊറിയന്‍ സംഘവുമായി വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഉച്ചകോടി മുന്‍ നിശ്ചയിച്ചപ്രകാരം നടക്കുമെന്ന് ട്രംപ് വ്യക്തമാക്കിയത്. ഒരു കൂടിക്കാഴ്ചയില്‍ മാത്രമായി ഈ ഉച്ചകോടി ചുരുങ്ങുകയില്ലെന്നും ട്രംപ് വ്യക്തമാക്കി. അമേരിക്കന്‍ പ്രസിഡന്റിന് നല്‍കാനായി കിം ജോങ് ഉന്‍ കൊടുത്തുവിട്ട കത്തും ഉത്തരകൊറിയന്‍ സംഘം ട്രംപിന് കൈമാറിയിരുന്നു. കഴിഞ്ഞദിവസം യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക് പോപിയോ ഉത്തരകൊറിയന്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഉത്തരകൊറിയന്‍ പ്രതിനിധി കിം യോങ് ചോളുമായി 90 മിനിറ്റോളം പോപിയോ ചര്‍ച്ച നടത്തിയിരുന്നു.
ഉത്തരകൊറിയയുമായുള്ള ചര്‍ച്ചകളില്‍ ക്രിയാത്മമായ ഫലമാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ജൂണ്‍ 12ന് എന്തെങ്കിലും കരാറുകളില്‍ ഒപ്പു വയ്ക്കാന്‍ പോവുന്നില്ല, “ഇതൊരു പ്രക്രിയയുടെ തുടക്കം. നിങ്ങള്‍ വേണ്ടത്ര സമയം എടുത്തോളൂവെന്നാണ് ഉത്തരകൊറിയയോട് പറയാനുള്ളത്- ട്രംപ് പറഞ്ഞു.
അതേസമയം ഉച്ചകോടിയുടെ ചെലവ് ആരു വഹിക്കുമെന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ആരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നു. സിംഗപ്പൂരിലെ പ്രശസ്ത ദ്വീപ് റിസോര്‍ട്ട് ഹോട്ടലായ ഫുള്ളര്‍ടണ്‍ ആണ് ഉച്ചകോടിക്കു വേദിയാവുന്നത്. ഹോട്ടലിലെ സ്യൂട്ടിന് ഏകദേശം 4,01,963 രൂപയാണ് ഒരു ദിവസത്തെ ചാര്‍ജ്. സാമ്പത്തിക ഉപരോധം നേരിടുന്ന ഉത്തരകൊറിയക്ക് വന്‍ തുക ഹോട്ടല്‍ ബില്ല് ഇനത്തില്‍ അടയ്ക്കുന്നതിന് ബുദ്ധിമുട്ടുള്ളതായാണ് കരുതുന്നത്. മുഴുവന്‍ പണവും അടയ്ക്കുന്നതില്‍ യുഎസിന് പ്രശ്‌നമൊന്നുമില്ലെന്നും എന്നാല്‍, യുഎസ് നടപടി തങ്ങളെ അപമാനിക്കലാണെന്ന് ഉത്തര കൊറിയയ്ക്കു തോന്നാനിടയുള്ളതായും ബില്ല് തര്‍ക്കം സംബന്ധിച്ച മാധ്യമ വാര്‍ത്തകള്‍ വ്യക്തമാക്കുന്നു.










Next Story

RELATED STORIES

Share it