കിങ് മേക്കറല്ല, കിങാണ് കുമാരസ്വാമി

ബംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് പറഞ്ഞതുപോലെ എച്ച് ഡി കുമാരസ്വാമി കിങ്ങായി. തിരഞ്ഞെടുപ്പില്‍ മൂന്നാംസ്ഥാനത്തെത്തിയ ഒരു പാര്‍ട്ടിയുടെ നേതാവ് മുഖ്യമന്ത്രിയാവുന്ന അദ്ഭുതമാണ് കര്‍ണാടകയില്‍ സംഭവിച്ചത്.
37 എംഎല്‍എമാരുള്ള കുമാരസ്വാമിയുടെ ജെഡിഎസിന് 78 അംഗങ്ങളുള്ള കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കര്‍ണാടകയിലെ രാഷ്ട്രീയ ചിത്രം മാറിയത്. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡയുടെ മൂന്നാമത്തെ മകനാണ് കുമാരസ്വാമി.
യാദൃച്ഛികമായിട്ടാണ് അദ്ദേഹം രാഷ്ട്രീയ നേതാവായത്. സിനിമയോടായിരുന്നു അദ്ദേഹത്തിന് ആദ്യത്തെ പ്രണയം. സിനിമാ നിര്‍മാണത്തിലും വിതരണത്തിലും മാത്രം ശ്രദ്ധപതിപ്പിച്ച ഒരു കാലം കുമാരസ്വാമിക്കുണ്ട്.
1996ല്‍ കനകപുര ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിച്ചുകൊണ്ടാണ് കുമാരസ്വാമി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയത്. അവിടെ നിന്നു ജയിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് പാര്‍ലമെന്റ്, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോറ്റു. 2004ലാണ് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
2004ല്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം കിട്ടാത്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കോണ്‍ഗ്രസ്-ജെഡിഎസ് കൂട്ടുകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. 2006ല്‍ കോണ്‍ഗ്രസ്സിനെ ഉപേക്ഷിച്ച് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. അന്ന് ആദ്യമായി മുഖ്യമന്ത്രിയുമായി. എന്നാല്‍, ധാരണപ്രകാരം 20 മാസത്തിനു ശേഷം മുഖ്യമന്ത്രി പദം കൈമാറാന്‍ അദ്ദേഹം തയ്യാറായില്ല. 2008ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നുവെന്നതായിരുന്നു അതിന്റെ ഫലം.
സയന്‍സ് ബിരുദധാരിയായ അദ്ദേഹം ഇപ്പോള്‍ കോണ്‍ഗ്രസ്സിന്റെ പിന്തുണകൊണ്ടാണ് മുഖ്യമന്ത്രിയായത്.
Next Story

RELATED STORIES

Share it