kozhikode local

കിംവദന്തികള്‍ സഞ്ചരിക്കുന്നത് പ്രകാശത്തേക്കാള്‍ വേഗത്തില്‍: കെഇഎന്‍ കുഞ്ഞഹമ്മദ്

ഫറോക്ക്: പ്രകാശമാണ് എറ്റവും വേഗത്തില്‍ സഞ്ചരിക്കുന്നതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ അതിലും വേഗത്തിലാണ് കിംവദന്തികള്‍ സഞ്ചരിക്കുന്നതെന്ന് സാംസ്‌കാരിക നിരീക്ഷകന്‍ കെ ഇ എന്‍ കുഞ്ഞഹമ്മദ്. മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെഎന്‍എം ഫറോക്ക് ചുങ്കം യൂനിറ്റ് സംഘടിപ്പിച്ച പീസ് കോര്‍ണര്‍ സൗഹൃദ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശങ്കകളല്ല ആശ്വാസവും ആശ്ലേഷവുമാകണം ആരാധാലയങ്ങളില്‍ നിന്നും ലഭിക്കേണ്ടത്.  നമുക്ക് മുന്നില്‍ യോജിപ്പിന്റെ ആയിരം കാരണങ്ങള്‍ നിലനില്‍ക്കെ വിയോജിപ്പിന്റെ പത്ത് കരണങ്ങളോര്‍ത്ത് അസ്വസ്ഥമാകേണ്ടതില്ല. എന്നാല്‍ വിയോജിപ്പിന്റെ സ്ഥാനത്ത് വെറുപ്പും വിദ്വേഷവും പകരമായി വരരുത്.  ശരീരത്തിന് ആരോഗ്യമുള്ളപ്പോല്‍ ഏത് ഭക്ഷണവും പറ്റും. എന്നാല്‍ രോഗമുള്ള സമയത്ത് ചില പഥ്യങ്ങള്‍ പാലിക്കണം. അത് പോലെ നമ്മുടെ സമൂഹത്തെ ഫാഷിസവും കോര്‍പ്പറേറ്റ്‌വല്‍ക്കരണവും എന്ന രോഗം ബാധിച്ചിരിക്കുന്നു. രോഗാതുരമായ ഇത്തരം സമൂഹത്തില്‍ ഇടപെടുമ്പോള്‍ ചില പഥ്യങ്ങള്‍ വേണ്ടിവരുമെന്നും കെ ഇ എന്‍ വ്യക്തമാക്കി. ഐഎസ്എം ജില്ലാ സെക്രട്ടറി ഷുക്കൂര്‍ കോണിക്കല്‍ അധ്യക്ഷത വഹിച്ചു. നിസാര്‍ ഒളവണ്ണ മോഡറേറ്ററായിരുന്നു. മുസ്ലീം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ വി മുഹമ്മദ് ഹസ്സന്‍, എസ്ഡിടിയു സംസ്ഥാന സെക്രട്ടറി ഗ്രോ വാസു, എന്‍സിപി ജില്ലാ സെക്രട്ടറി കെ ടി മജീദ്, ജനതാദള്‍ ജില്ലാ കമ്മറ്റി അംഗം പൊറ്റത്തില്‍ ബാലകൃഷ്ണന്‍, എന്‍എസ്‌സി ജില്ലാ സെക്രട്ടറി സലീം വേങ്ങാട്ട്, എഎപി സംസ്ഥാന സമിതി അംഗം വിനോദ് മേക്കാത്ത്, പി ബാവ മാസ്റ്റര്‍, എം എ. ഖയ്യൂം, മജീദ് വെണ്‍മരത്ത്, ഇ കെ മുഹമ്മദലി, കെ അഹമ്മദ് കുട്ടി, ഷെരീഫ് നെല്ലോളി സംസാരിച്ചു.
Next Story

RELATED STORIES

Share it