kasaragod local

കാസര്‍കോട് സബ് കോടതി വജ്രജൂബിലി ആഘോഷം നാളെ തുടങ്ങും



വിദ്യാനഗര്‍: കാസര്‍കോട് സബ് കോടതിയുടെ വജ്രജൂബിലി ആഘോഷം നാളെ മുതല്‍ വിവിധ പരിപാടികളോടെ ആരംഭിക്കുമെന്ന് ജില്ലാ സെഷന്‍സ് ജഡ്ജ് എസ് മനോഹര്‍ കിണി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1957ല്‍ പ്രവര്‍ത്തനം ആരംഭിച്ച സബ് കോടതി ഷഷ്ഠിപൂര്‍ത്തിയുടെ നിറവിലാണ്. വജ്രജൂബിലി ആഘോഷം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിക്കും. ഹൈക്കോടതി ജഡ്ജ് ദമാശേഷാദ്രി നായിഡു മുഖ്യാതിഥിയായിരിക്കും. എംഎല്‍എമാരായ പി ബി അബ്ദുര്‍റസാഖ്, കെ കുഞ്ഞിരാമന്‍, എം രാജഗോപാല്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. അടുത്ത മെയ് വരെ നീളുന്ന പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ചടങ്ങില്‍ സീനിയര്‍ അഭിഭാഷകരായ ഐ വി ഭട്ട്, അഡൂര്‍ ഉമേശ് നായക്, ഗുരുശങ്കര്‍ റൈ, എം മഹാലിംഗഭട്ട്, ഈശ്വരഭട്ട്, പി കെ മുഹമ്മദ് തുടങ്ങിയവരെ ആദരിക്കും. വിവിധ പഞ്ചായത്തുകളില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ പരാതിപരിഹാര അദാലത്തുകളും നിയമബോധവല്‍ക്കരണ ക്ലാസുകളും നടത്തും.   ജില്ലാ കോടതിയില്‍ ഒന്നരകോടിയോളം രൂപ ചെലവില്‍ വിപുലമായ ലൈബ്രറി ഒരുക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ ജഡ്ജ് അറിയിച്ചു. ഇതിന് അഡ്വ. കെ കെ വേണുഗോപാല്‍ 25 ലക്ഷം രൂപ സംഭാവന നല്‍കിയിട്ടുണ്ട്. ബാക്കി പണം പൊതുജനങ്ങളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും സ്വീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. റഫറന്‍സിന് ആവശ്യമായ ഗ്രന്ഥങ്ങള്‍ ലൈബ്രറിയില്‍ ഒരുക്കും. കാസര്‍കോട് കുടുംബകോടതിക്ക് ജില്ലാ കോടതി പരിസരത്തുള്ള സ്ഥലത്ത് പുതിയ കെട്ടിടം നിര്‍മിക്കാന്‍ നടപടികള്‍ സ്വീകരിക്കും.സംസ്ഥാനത്ത് വാഹനാപകട കോടതി ഇല്ലാത്ത ജില്ല കാസര്‍കോട് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എ എന്‍ അശോക് കുമാര്‍, അഡ്വ. പി രാഘവന്‍, സബ്ജഡ്ജുമാരായ ഫിലിപ്പ് തോമസ്, വി ടി പ്രകാശന്‍ എന്നിവരും അഡ്വ. എ ജി നായര്‍, രവീന്ദ്രന്‍ നമ്പ്യാര്‍, സംബന്ധിച്ചു.
Next Story

RELATED STORIES

Share it