kasaragod local

കാസര്‍കോട് നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ്;  വിള്ളല്‍ വീഴ്ത്താന്‍ ബിജെപിയും എല്‍ഡിഎഫ്-ഐഎന്‍എല്‍ സഖ്യവും

കാസര്‍കോട്: മുസ്‌ലിംലീഗിന്റെ കുത്തകയായ കാസര്‍കോട് നഗരസഭയില്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ്, വിള്ളല്‍ വീഴ്ത്താന്‍ ബിജെപിയും എല്‍ഡിഎഫ്-ഐഎന്‍എല്‍ സഖ്യവും. സീറ്റുകള്‍ നല്‍കാത്തതില്‍ പ്രതിഷേധിച്ച് ചില വാര്‍ഡുകളില്‍ ലീഗിന് റിബല്‍ ഭീഷണി നിലനില്‍ക്കുന്നതും ഫിഷ്മാര്‍ക്കറ്റ് 20ാം വാര്‍ഡില്‍ ലീഗ് റിബല്‍ സ്ഥാനാര്‍ഥിയുടെ രംഗപ്രവേശനവും യുഡിഎഫിന് തലവേദനയായിട്ടുണ്ട്. 38 സീറ്റുകളുള്ള നഗരസഭയുടെ ഭരണം ലീഗാണ് കൈയ്യാളുന്നത്.
നിലവില്‍ യുഡിഎഫ് സഖ്യത്തില്‍ ലീഗിന് 21 ഉം കോണ്‍ഗ്രസിന് രണ്ട് സീറ്റുകളുമാണുള്ളത്. മുഖ്യപ്രതിപക്ഷമായ ബിജെപിക്ക് 11 സീറ്റുകള്‍ ഉണ്ട്.
സിപിഎമ്മിനും ലീഗ് റിബലുകള്‍ക്കും രണ്ട് വീതം സീറ്റുകളാണുള്ളത്. നഗരസഭ ചെയര്‍മാന്‍ ടി ഇ അബ്ദുല്ലയും കൗണ്‍സിലറും മുസ്‌ലിംലീഗ് ജില്ലാ ഖജാഞ്ചിയുമായ എ അബ്ദുര്‍റഹ്മാനും ഇപ്രാവശ്യം മല്‍സര രംഗത്തിനില്ല.
ഇത്തവണ ലീഗ് കോട്ടകളില്‍ ലീഗ് കൗണ്‍സിലര്‍ സുലൈമാന്‍ ഹാജി ബാങ്കോട് ലീഗിലെ സീറ്റുലഭിക്കാത്തവരെ ഉള്‍പ്പെടുത്തി വികസന മുന്നണി രുപീകരിച്ച് മല്‍സര രംഗത്തുണ്ട്. മുന്നണിക്ക് പിന്തുണയുമായി എല്‍ഡിഎഫ്-ഐഎന്‍എല്‍ സഖ്യവും മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുണ്ട്. ഫിഷ്മാര്‍ക്കറ്റ് വാര്‍ഡില്‍ ലീഗ് കൗണ്‍സിലര്‍ ഫൗസിയ റാഷിദിന്റെ ഭര്‍ത്താവ് റാഷിദ് പുരണത്തിന് സീറ്റ് നല്‍കാത്തതിനാല്‍ ഇദ്ദേഹം വിമതനായി രംഗത്തുവരികയായിരുന്നു.
ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ടുണ്ട്. ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി വസീം ഫോര്‍ട്ടാണ്. എസ്ഡിപിഐ അഞ്ച് സ്ഥാനാര്‍ഥികളെയാണ് ഇത്തവണ നിര്‍ത്തിയിട്ടുള്ളത്.
ബിജെപി കൗണ്‍സിലര്‍ പി രമേശ് വീണ്ടും സ്ഥാനാര്‍ഥിയായത് ചിലയിടങ്ങളില്‍ പാര്‍ട്ടി അണികള്‍ ചോദ്യം ചെയ്യുന്നുണ്ട്. രണ്ട് വാര്‍ഡുകളില്‍ റിബല്‍ സ്ഥാനര്‍ഥികള്‍ ബിജെപിക്കെതിരെ രംഗത്തുവന്നിരുന്നു. എന്നാല്‍ അവസാന നിമിഷം ഭീഷണിപ്പെടുത്തി ഇവരുടെ പത്രിക പിന്‍വലിച്ചതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
ബിജെപിയില്‍ പിന്നാക്ക വിഭാഗക്കാരെ പൂര്‍ണ്ണമായും തഴഞ്ഞതായും പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ഇത്തവണ ലീഗിന്റെ സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന് എല്‍ഡിഎഫ്-ഐഎന്‍എല്‍ സഖ്യവും കോണ്‍ഗ്രസ്, സിപിഎം സീറ്റുകള്‍ പിടിച്ചെടുക്കുമെന്ന് ബിജെപിയും അവകാശപ്പെടുന്നു. എന്നാല്‍ ബിജെപി 24 സീറ്റുകളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും മുന്നാക്ക വിഭാഗത്തില്‍പെട്ടവരാണ്.
Next Story

RELATED STORIES

Share it