കാസര്‍കോട് കെല്‍ ഫാക്ടറി വീണ്ടും പൊതുമേഖലയിലേക്ക്

അബ്ദുര്‍റഹ്്മാന്‍ ആലൂര്‍

കാസര്‍കോട്്: നവരത്‌ന കമ്പനിയായ കെല്‍ ഭെല്ലില്‍ ഉള്‍പ്പെട്ടിരുന്ന കാസര്‍കോട് കെല്‍ ഫാക്ടറി വീണ്ടും പൊതുമേഖലയിലേക്ക്. 2011ലാണ് കാസര്‍കോട് കെല്‍ ഫാക്ടറി പൊതുമേഖലാ സംരംഭമായ ഭെല്‍ ഇഎംഎല്‍ ഏറ്റെടുത്തത്. അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയുടെയും മറ്റു കേന്ദ്രമന്ത്രിമാരുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് നവരത്‌ന കമ്പനിയില്‍ കാസര്‍കോട് കെല്‍ ഫാക്ടറിയെ ലയിപ്പിച്ചത്.
51 ശതമാനം ഓഹരി ഭെല്‍ ഇഎംഎല്ലിനും 49 ശതമാനം ഓഹരി കെല്ലിനുമായിരുന്നു. 1990ല്‍ പ്രവര്‍ത്തനം ആരംഭിച്ച കാസര്‍കോട് കെല്‍ ഫാക്ടറി ലാഭത്തിലായിരുന്നു കുതിച്ചിരുന്നത്. 2011ല്‍ ഭെല്ലിന്റെ സ്ഥാവര ജംഗമ സ്വത്തുകള്‍ക്ക് പത്തരക്കോടി രൂപയാണ് വില നിശ്ചയിച്ചിരുന്നത്. എന്നാല്‍, ജനറേറ്ററുകളും ആള്‍ട്ടര്‍നേറ്ററുകളുമായിരുന്നു കെല്‍ ഉല്‍പാദിപ്പിച്ചിരുന്നത്. പുതിയ കമ്പനി രൂപീകരിച്ചതല്ലാതെ മൂലധന തുക നിക്ഷേപിക്കാന്‍ കമ്പനി അധികൃതര്‍ തയ്യാറായില്ല. ഇതോടെ ഇവിടെ ഉല്‍പാദനം മുടങ്ങുകയായിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ജനറേറ്ററുകള്‍ക്കും ആള്‍ട്ടര്‍നേറ്ററുകള്‍ക്കും ആവശ്യക്കാര്‍ ഏറെയുണ്ടായിരുന്നെങ്കിലും കമ്പനി അധികൃതര്‍ സ്ഥാപനത്തെ പ്രോല്‍സാഹിപ്പിക്കാതെ മുരടിപ്പിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം കേന്ദ്ര ഖനിവ്യവസായമന്ത്രാലയം പൊതുമേഖലാ സ്ഥാപനത്തില്‍നിന്ന് നവരത്‌ന കമ്പനി ഒഴിയുകയാണെന്നു മുഖ്യമന്ത്രിയെ അറിയിച്ചു. 170ഓളം ജീവനക്കാരും ഉദ്യോഗസ്ഥരുമുള്ള പ്രസ്തുത സ്ഥാപനത്തില്‍ ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌കരണമോ മറ്റ് ആനുകൂല്യങ്ങളോ നടപ്പാക്കിയിട്ടില്ല.
കേന്ദ്രസര്‍ക്കാരിന് നഷ്ടം സഹിക്കാനാവില്ലെന്നു കാണിച്ചാണ് എംഒയു കരാറില്‍ നിന്ന് കമ്പനി പിന്തിരിഞ്ഞത്. ഇതോടെ കമ്പനി വന്‍ പ്രതിസന്ധിയിലാവുകയും തൊഴിലാളികള്‍ പ്രക്ഷോഭത്തിനിറങ്ങുകയും ചെയ്തു. ഇതിനുശേഷം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തൊഴിലാളി, ജനപ്രതിനിധികളുമായി ചര്‍ച്ച നടത്തി. ചീഫ് സെക്രട്ടറി അധ്യക്ഷനായി കമ്മിറ്റി രൂപീകരിച്ചു. സ്ഥാപനം കേരള സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍, തുടര്‍നടപടികള്‍ നീണ്ടുപോവുകയായിരുന്നു.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വ്യവസായമന്ത്രി എ സി മൊയ്തീന്റെ സാന്നിധ്യത്തില്‍ പി കരുണാകരന്‍ എംപി, എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, കെല്ലിലെ വിവിധ തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ എന്നിവര്‍ യോഗം ചേര്‍ന്ന് സ്ഥാപനം പൊതുമേഖലയില്‍ നിലനിര്‍ത്താനും വ്യവസായവകുപ്പിനു കീഴിലുള്ള കെല്ലിന് കീഴില്‍ കൊണ്ടുവരാനും തീരുമാനിച്ചു. ഏറ്റെടുക്കല്‍പ്രക്രിയ ത്വരിതപ്പെടുത്താനാണു തീരുമാനം. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോടനുബന്ധിച്ച് കാസര്‍കോട് കെല്‍ ഫാക്ടറിയെ പൊതുമേഖലാ സ്ഥാപനമായി നിലനിര്‍ത്താന്‍ നടപടിയുണ്ടാവുമെന്നാണ് അറിയുന്നത്.
അതേസമയം, 2006ല്‍ വ്യവസായമന്ത്രിയായിരുന്ന എളമരം കരീം അടച്ചുപൂട്ടിയ കാസര്‍കോട് അസ്ട്രാള്‍ വാച്ചസ് കമ്പനി തുറന്നുപ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല. ഉദുമ മൈലാട്ടിയിലുള്ള ഉദുമ സ്പിന്നിങ് മില്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനെക്കുറിച്ചും നടപടിയായിട്ടില്ല.
Next Story

RELATED STORIES

Share it