Flash News

കാലിത്തീറ്റ കുംഭകോണക്കേസ്‌ : ലാലുപ്രസാദ് യാദവ് വിചാരണ നേരിടണം



ന്യൂഡല്‍ഹി: ആര്‍ജെഡി അധ്യക്ഷനും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെ കാലിത്തീറ്റ കുംഭകോണക്കേസില്‍ കുറ്റവിമുക്തനാക്കിയ ജാര്‍ഖണ്ഡ് ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. കേസില്‍ ലാലുവടക്കമുള്ള പ്രതികള്‍ക്കെതിരായ ഗൂഢാലോചനാക്കുറ്റം പുനസ്ഥാപിച്ച കോടതി, കുംഭകോണവുമായി ബന്ധപ്പെട്ട് നാലു കേസുകളും പ്രത്യേകം അന്വേഷിക്കണമെന്നും ഉത്തരവിട്ടു. സിബിഐയുടെ ഹരജി പരിഗണിച്ചാണ് ജസ്റ്റിസുമാരായ അരുണ്‍ മിശ്രയും അമിതവ് റോയിയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് നടപടിയെടുത്തത്. ഒമ്പതുമാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയ കുറ്റകരമായ ഗൂഢാലോചന, ക്രിമിനല്‍ താല്‍പര്യം മുന്‍നിര്‍ത്തി മനപ്പൂര്‍വം അഴിമതിസാധ്യത തടയാതിരിക്കുക എന്നീ കുറ്റങ്ങള്‍ അന്വേഷിക്കാനും കോടതി നിര്‍ദേശം നല്‍കി.1990-97 കാലത്ത് ലാലുപ്രസാദ് യാദവ് ബിഹാര്‍ മുഖ്യമന്ത്രിയായിരിക്കെ മൃഗസംരക്ഷണവകുപ്പിനു കീഴില്‍ 900 കോടി രൂപയുടെ അഴിമതി നടന്നെന്നാണ് കേസ്. മൃഗങ്ങള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിയ ഇനത്തില്‍  വെട്ടിപ്പു നടത്തിയെന്നാണ് സിബിഐയുടെ ആരോപണം.    ട്രഷറികളില്‍ നിന്ന് വ്യാജ ബില്ലുകള്‍ മുഖേന പണം കൈപ്പറ്റിയതിനാല്‍ പല വകുപ്പുകളിലായി വിവിധ കേസുകളായിരുന്നു പ്രതികള്‍ക്കെതിരേ ഉണ്ടായിരുന്നത്. ഇതില്‍ 38 കോടി രൂപയുടെ അഴിമതിക്കേസിലാണ് 2013 ഒക്ടോബറില്‍ റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലുവടക്കമുള്ള പ്രതികളെ അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ അദ്ദേഹത്തിന്റെ പാര്‍ലമെന്റംഗത്വം അസാധുവാകുകയും 11 വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വിചാരണക്കോടതി നടപടി ചോദ്യംചെയ്ത് ലാലു ജാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. 2014 നവംബറില്‍ ഹൈക്കോടതി ലാലുവിനും കൂട്ടുപ്രതികള്‍ക്കും എതിരേ ചുമത്തിയിരുന്ന ഗൂഢാലോചനക്കുറ്റവും പ്രധാനപ്പെട്ട വകുപ്പുകളും ഒഴിവാക്കി. കേസില്‍ അഞ്ചുവര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ടതിനാല്‍  അഴിമതിയുമായി ബന്ധപ്പെട്ട അനുബന്ധ കേസുകളില്‍ പ്രത്യേകം ഗൂഢാലോചനാക്കുറ്റം ചുമത്തി വെവ്വേറെ വിചാരണ വേണ്ടെന്നും ഹൈക്കോടതി ഉത്തരവിട്ടു. ഈ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയത്.
Next Story

RELATED STORIES

Share it