malappuram local

കാലിക്കറ്റ് സര്‍വകലാശാല ഭിന്നശേഷി സൗഹൃദമാക്കും: വിസി



തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഭിന്നശേഷി സൗഹൃദമാക്കുമന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഇംഗ്ലീഷ് പഠനവകുപ്പ് മേധാവിയും എഴുത്തുകാരനുമായ ഡോ. കെ എം ഷെറീഫ് തയ്യാറാക്കിയ ' ആന്‍ ഫ്രാങ്കിന്റെ ആള്‍മാറാട്ടങ്ങള്‍' എന്ന ഓഡിയോ സിഡിയുടെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുയായിരുന്നു അദ്ദേഹം. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തുടക്കംകുറിച്ച വിഷന്‍ 2030 പദ്ധതിയില്‍ ഭിന്നശേഷി സൗഹൃദ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിട്ടുണ്ട്. ഇതില്‍ കെട്ടിടങ്ങളിലേക്ക് കയറുന്നതിനുള്ള റാംപ് നിര്‍മാണം ഉള്‍പെടെ പലപദ്ധതികളും പ്രാവര്‍ത്തികമായി കഴിഞ്ഞു. വിവിധ കെട്ടിടങ്ങളുടെ എല്ലാ നിലയിലേക്കും ലിഫ്റ്റും റാംപും ഉള്‍പെടെയുള്ള സംവിധാനങ്ങളാണ് നിര്‍മിക്കുക. വിമാനത്താവളങ്ങളിലും വലിയ റെയില്‍വേ സ്റ്റേഷനുകളിലും ഉള്ളതുപോലെ പ്രത്യേക വാഹന സംവിധാനങ്ങളും ഏര്‍പെടുത്തും. അതിനൂതനമായ സംവിധാനങ്ങളോടുകൂടിയ പ്രത്യേക കേന്ദ്രം ഭിന്നശേഷിക്കാരുടെ സൗകര്യത്തിനായി സര്‍വകലാശാലയില്‍ സ്ഥാപിക്കുമെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. ഇതിനുള്ള പ്രൊജക്ട് തയ്യാറാക്കുന്നുണ്ട്. സി ഹബീബിനെ പോലയുള്ള കാഴചയില്ലാത്ത അധ്യാപകര്‍ നൂതന സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഏറ്റവും മികച്ച അധ്യാപനം നിര്‍വഹിക്കുന്നത്. മനക്കണ്ണിന്റെ ഉള്‍ക്കാഴ്ചയാണ് പ്രധാനം എന്ന പാഠം കാഴ്ച ശക്തിയുള്ളവരെപ്പോലും പഠിപ്പിക്കുന്ന ജീവിതങ്ങളാണ് പല ഭിന്നശേഷിക്കാരുടേതുമെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ചടങ്ങില്‍ സി ഹബീബ് അധ്യക്ഷനായിരുന്നു. 'ആന്‍ ഫ്രാങ്കിന്റെ ആള്‍മാറാട്ടങ്ങള്‍' ഓഡിയോ സിഡി വൈസ് ചാന്‍സലറില്‍ നിന്ന് ഡോ. ഉമര്‍ തറമേല്‍ ഏറ്റുവാങ്ങി. ഡോ. കെ മുഹമ്മദ് ഷാഫി, ഇ രേണുക വാര്യര്‍, ഡോ. കെ എം ഷെറീഫ്, സി അക്ബര്‍, സി എം സായൂജ്യ പരിപാടിയില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it