kozhikode local

കാലിക്കറ്റ് വാഴ്സിറ്റി കാംപസ് : കെഎസ്‌യു, എംഎസ്എഫ്, വിദ്യാര്‍ഥി ജനത സംഘടനകളുടെ കൊടിമരങ്ങള്‍ അറുത്തുമാറ്റി



തേഞ്ഞിപ്പലം: കാലിക്കറ്റ് വാഴ്‌സിറ്റി കാംപസില്‍ പാര്‍ക്കിനടുത്ത് സ്ഥാപിച്ചിരുന്ന കെഎസ്‌യു,എംഎസ്എഫ്,വിദ്യാര്‍ഥി ജനത എന്നീ സംഘടനകളുടെ കൊടിമരങ്ങള്‍ അറുത്തുമാറ്റി. വ്യാഴാഴ്ച രാത്രിയാണ് കൊടിമരങ്ങള്‍ നശിപ്പിച്ചിരിക്കുന്നത്. വാഴ്‌സിറ്റി പാര്‍ക്കില്‍ മുഖ്യകവാടത്തിനു മുന്‍വശത്തായിരുന്നു കോണ്‍ക്രീറ്റില്‍ അടിത്തറയിട്ടു കെഎസ്‌യു കൊടിമരം സ്ഥാപിച്ചിരുന്നത്. വാഴ്‌സിറ്റി സര്‍ക്കിളിനു മുമ്പിലായിരുന്നു എംഎസ്എഫ്,വിദ്യാര്‍ഥി ജനത എന്നീ സംഘടനകളുടെ കൊടിമരങ്ങള്‍. ഇരുമ്പുകാലില്‍ സ്ഥാപിച്ചതായിരുന്നു മൂന്ന് കൊടിമരങ്ങളും. കൊടിമരം നശിപ്പിച്ചതിനെതിരെ കെഎസ്‌യുക്കാര്‍ കാംപസില്‍ പ്രകടനം നടത്തി കൊടിമരം പുനസ്ഥാപിച്ചു. ആശയദാരിദ്രം മറച്ചുപിടിച്ച് ഏകാധിപത്യകാംപസുകള്‍ സൃഷ്ടിക്കാനുള്ള എസ്എഫ്‌ഐ യുടെ ശ്രമത്തിന്റെ ഭാഗമാണ് കെഎസ്‌യുവിന്റെ കൊടിമരം തകര്‍ത്തതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി റംഷാദ് പറഞ്ഞു. പ്രതിഷേധപ്രകടനത്തിന് മുഹ്്‌സിന്‍ കാതിയോട്, ബബിന രാജ്, അഹല്യ സുരേഷ്, ആതിര ജോസ്, പി റംഷാദ്, എന്നിവര്‍ നേതൃത്വം നല്‍കി. രാത്രിയുടെ മറവില്‍ കൊടിമരം നശിപ്പിക്കല്‍ രാഷ്ട്രീയ ജീര്‍ണ്ണതയുടെ ലക്ഷണമാണെന്ന് വിദ്യാര്‍ഥി ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി സെനിന്‍ റാഷി അഷ്‌റഫ് വ്യക്തമാക്കി. കൊടിമരം തകര്‍ത്ത് എംഎസ്എഫ് മുന്നേറ്റത്തെ തകര്‍ക്കാമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് എംഎസ്എഫ് നേതാവ് വി പി അഹമ്മദ് സഹീര്‍ പ്രതികരിച്ചു. ഈ മാസം 25ന് സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കാംപസില്‍ കൊടിമരം തകര്‍ത്ത് സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമം സ്‌പെഷ്യല്‍ ബ്രാഞ്ച് അതീവ ഗൗരവമായി ജില്ലാ ആസ്ഥാനത്തേക്ക് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. കാംപസില്‍ സ്വാധീനം കുറഞ്ഞ എബിവിപി, കാംപസ്ഫ്രണ്ട്, എന്നീ സംഘടനകളുടെ കൊടിമരങ്ങള്‍ നശിപ്പിക്കാത്തതും ആസൂത്രിത ശ്രമങ്ങളുടെ ഭാഗമായാണ് കരുതുന്നത്. വിദ്യാര്‍ഥി സംഘടനകളുടെ കൊടിമരങ്ങള്‍ തകര്‍ത്തതിനെ തുടര്‍ന്ന് വാഴ്‌സിറ്റി കാംപസില്‍ നേരിട്ടിടപെടാന്‍ കോണ്‍ഗ്രസ്-ജനതാദള്‍, ലീഗ് സംഘടനകള്‍ തീരുമാനിച്ചതിന്റെ വെളിച്ചത്തില്‍ സംഘര്‍ഷത്തിന് വാഴ്‌സിറ്റി കാംപസില്‍ സാധ്യത ഏറുകയാണ്.
Next Story

RELATED STORIES

Share it