Flash News

കാറ്റലോണിയ സ്വാതന്ത്ര്യ പ്രഖ്യാപനം ദിവസങ്ങള്‍ക്കകം



ബാഴ്‌സിലോന: കാറ്റലോണിയയുടെ സ്വാതന്ത്ര്യപ്രഖ്യാപനം ദിവസങ്ങള്‍ക്കുള്ളിലുണ്ടാവും. കാറ്റലോണിയന്‍ ജനറലിയേറ്റ് (പ്രാദേശിക സര്‍ക്കാര്‍) പ്രസിഡന്റ് കാള്‍സ് പ്വിഗ്‌ദെമോന്ദ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചതാണിത്. സ്‌പെയിനില്‍ നിന്നുള്ള കാറ്റലോണിയയുടെ വിട്ടുപോക്കിന് ഇനി ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം സ്വാതന്ത്ര്യപ്രഖ്യാപനം തിങ്കളാഴ്ചയുണ്ടാവുമെന്ന് കാറ്റലോണിയ പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. സ്വാതന്ത്ര്യപ്രഖ്യാപനത്തിനു മുന്നോടിയായുള്ള സംവാദവും വോട്ടെടുപ്പും തിങ്കളാഴ്ച സംഘടിപ്പിക്കുന്നതിന് പ്രാദേശിക സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന സ്വാതന്ത്ര്യ അനുകൂല കക്ഷികള്‍ ആവശ്യപ്പെട്ടതായും റിപോര്‍ട്ടില്‍ പറയുന്നു. ഈ വാരം അവസാനവും അടുത്തവാരം തുടക്കത്തിലുമായി സ്വാതന്ത്ര്യപ്രഖ്യാപനത്തിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് ടെലിവിഷന്‍ അഭിമുഖത്തില്‍ പ്വിഗ്‌ദെമോന്ദ് അറിയിച്ചത്. മാഡ്രിഡിലെ സ്പാനിഷ് സര്‍ക്കാരും കാറ്റലോണിയ സര്‍ക്കാരുമായി ഒരു ബന്ധവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. അതേസമയം കാറ്റലോണിയ ഹിതപരിശോധന സംഘടിപ്പിച്ചവര്‍ അവരെ രാജ്യത്തിന്റെ നിയമത്തിനു പുറത്തുനിര്‍ത്തിയതായി സ്പാനിഷ് രാജാവ് ഫെലിപ് ആറാമന്‍ പ്രതികരിച്ചു. സ്‌പെയിനിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണെന്നും രാജ്യത്ത് ഐക്യത്തിനായി അഭ്യര്‍ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ ഹിതപരിശോധനയെത്തുടര്‍ന്ന് സ്‌പെയിനിനും കാറ്റലോണിയ സ്വയംഭരണമേഖലയ്ക്കുമിടയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. ഞായറാഴ്ച നടന്ന ഹിതപരിശോധനയില്‍ മേഖലയിലെ 55 ലക്ഷത്തോളം വരുന്ന വോട്ടര്‍മാരില്‍ 22 ലക്ഷം പേരാണ് സമ്മതിദാനം വിനിയോഗിച്ചത്. ഇവരില്‍ 90 ശതമാനവും കാറ്റലോണിയ സ്വതന്ത്രമാവുന്നതിനെ അനുകൂലിക്കുന്നുണ്ട്. ഹിതപരിശോധന തടയുന്നതിനായുള്ള പോലിസ് ഇടപെടലില്‍ നൂറുകണക്കിനുപേര്‍ക്ക് പരിക്കേറ്റിരുന്നു. പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് കാറ്റലോണിയയില്‍ കഴിഞ്ഞദിവസം സംഘടിപ്പിച്ച റാലികളില്‍ പതിനായിരങ്ങള്‍ പങ്കാളികളായി. അതേസമയം ഹിതപരിശോധനയ്ക്കു നേതൃത്വം നല്‍കിയ കാറ്റലന്‍ നേതാക്കള്‍ക്കും കാറ്റലോണിയ പോലിസ് മേധാവി അടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കുമെതിരേ സ്പാനിഷ് ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ചു. രാജ്യദ്രോഹം, ഭരണകൂടത്തിനെതിരായ വിമത പ്രവര്‍ത്തനം എന്നീ വകുപ്പുകള്‍ ഇവര്‍ക്കെതിരേ ചുമത്തുന്ന കാര്യം പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it