Flash News

കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം ഉടനുണ്ടായേക്കും ; അന്താരാഷ്ട്ര ഇടപെടലിന് ആവശ്യമുയരുന്നു



ബാഴ്‌സിലോന: സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു സൂചന നല്‍കി കാറ്റലോണിയന്‍ നേതാക്കള്‍. ഈ ആഴ്ചയോടെ കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചനകള്‍. ഞായറാഴ്ച നടന്ന സ്വാതന്ത്ര്യ ഹിതപരിശോധനയില്‍ 22ലക്ഷം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചതായും ഇതില്‍ 90ശതമാനവും സ്‌പെയിന്‍ വിട്ടുപോവുന്നതിനെ അനുകൂലിച്ചു വോട്ട് ചെയ്തതായും കാറ്റലോണിയന്‍ പ്രാദേശിക സര്‍ക്കാര്‍ അറിയിച്ചു. 42.3 ആണ് വോട്ടിങ് ശതമാനം. അതേസമയം, സ്പാനിഷ് സര്‍ക്കാരുമായുള്ള പ്രശ്‌നങ്ങളില്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് കാറ്റലോണിയന്‍ നേതാവ് കാള്‍സ് പ്വിഗ്‌ദെമോന്ദ് ആവശ്യപ്പെട്ടു. ഞായറാഴ്ച നടന്ന ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്പാനിഷ് ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഹിതപരിശോധനാ ഫലത്തിനനുസരിച്ച് മുന്നോട്ടുപോവാനാണ് കാറ്റലോണിയ പ്രാദേശിക സര്‍ക്കാരിന്റെ തീരുമാനമെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഹിതപരിശോധന തടയുന്നതിനായി വോട്ടിങ് കേന്ദ്രങ്ങള്‍ മുദ്രവയ്ക്കുന്നതും ബാലറ്റ് പേപ്പറുകള്‍ ജപ്തിചെയ്യുന്നതുമടക്കമുള്ള നടപടികള്‍ സ്‌പെയിന്‍ അധികൃതര്‍ സ്വീകരിച്ചു. ഹിതപരിശോധന അനുകൂലികള്‍ക്കെതിരായ പോലിസ് നടപടിയില്‍ 100കണക്കിനുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കാറ്റലോണിയക്കെതിരായ സ്പാനിഷ് സര്‍ക്കാരിന്റെ നടപടി ആഭ്യന്തരപ്രശ്‌നമല്ലെന്നും അതിനാല്‍ അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യമാണെന്നും പ്വിഗ്‌ദെമോന്ദ് പറഞ്ഞു. സ്പാനിഷ് കോടതി നിയമവിരുദ്ധമായി പ്രഖ്യാപിച്ചെങ്കിലും വോട്ടെടുപ്പിന് സാധുതയുള്ളതായും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങള്‍ സ്‌പെയിനും കാറ്റലോണിയ സ്വയംഭരണമേഖലയും തമ്മിലുള്ള ഭിന്നിപ്പ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. ഇരുകക്ഷികളും തമ്മില്‍ രാഷ്ട്രീയ സമവായത്തിനും സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഹിതപരിശോധന അനുകൂലികളെ നേരിടാന്‍ പോലിസ് റബര്‍ ബുള്ളറ്റ് പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തതിനെതിരേ ആഗോള തലത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. 900ലധികം പേര്‍ക്കാണ് പരിക്കേറ്റത്. അതേസമയം, പ്രാദേശിക സര്‍ക്കാര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ മേഖലയുടെ നിലവിലുള്ള സ്വയംഭരണാവകാശം സ്‌പെയിന്‍ റദ്ദാക്കാന്‍ സാധ്യതയുള്ളതായി കാറ്റലോണിയ നിയമമന്ത്രി റഫേല്‍ കാറ്റാല പറഞ്ഞു.
Next Story

RELATED STORIES

Share it