കാറ്റലോണിയ : ദേശീയവികാരം പ്രധാനം

കാറ്റലോണിയ : ദേശീയവികാരം പ്രധാനം
X


ദേശീയവികാരവും ദേശസ്‌നേഹവുമാണ് രാഷ്ട്രത്തെ നിലനിര്‍ത്തുന്നത്. ദേശീയത തന്നെയാണ് രാജ്യങ്ങളുടെ സൃഷ്ടിക്ക് ആധാരവും. ദേശീയവികാരത്തെ തൃണവല്‍ഗണിച്ചുകൊണ്ട് ഒരു പ്രദേശത്തെയും ചൊല്‍പ്പടിക്കു നിര്‍ത്താന്‍ സാധിക്കുന്നതല്ല. ദേശീയതയുടെ അടിസ്ഥാനത്തില്‍ മാത്രമേ ഏതു രാജ്യവും രൂപീകൃതമാവുകയും നിലനില്‍ക്കുകയും ചെയ്യുകയുള്ളൂ. ഈ യാഥാര്‍ഥ്യം വിസ്മരിക്കുന്ന സ്പാനിഷ് ഭരണകൂടത്തിന് എതിരായാണ് സ്വതന്ത്രരാഷ്ട്ര രൂപീകരണ ലക്ഷ്യവുമായി കാറ്റലോണിയ മുന്നോട്ടുപോവുന്നത്.പഴക്കമുള്ള സംസ്‌കാരവും ചരിത്രവും ചേരുന്ന ദേശീയതയാണ് കാറ്റലോണിയയില്‍ നിലവിലുള്ളത്. സ്‌പെയിനിലെ ഏറ്റവും സമ്പന്നമായ പ്രദേശമാണിത്. കാറ്റലന്‍ ദേശീയത ഇവരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളതുമാണ്. അതുകൊണ്ടുതന്നെയാണ് യാതൊരു ബാഹ്യ ഇടപെടലും പ്രത്യേക രാഷ്ട്രീയപ്രശ്‌നവുമില്ലാതെ ഈ പ്രദേശം സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്നത്.കാറ്റലോണിയ സ്‌പെയിനിന്റെ വടക്കുകിഴക്ക് ഭാഗത്ത് ഫ്രാന്‍സിനോട് അതിരു പങ്കിടുന്ന ഒരു സ്വയംഭരണ പ്രവിശ്യയാണ്. അഞ്ചാം നൂറ്റാണ്ടില്‍ കാറ്റലോണിയ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. തുടര്‍ന്ന് പലരും ഈ പ്രദേശം കൈയടക്കുകയും ചെയ്തിട്ടുണ്ട്. 1714ല്‍ ഫിലിപ്പ് അഞ്ചാമന്‍ രാജാവ് കാറ്റലോണിയ പിടിച്ചടക്കുകയും സ്വേച്ഛാധിപത്യഭരണം അടിച്ചേല്‍പിക്കുകയും ചെയ്തു. കാറ്റലോണിയന്‍ ജനതയുടെ ദേശീയവികാരവും സ്വയംഭരണത്തിനായുള്ള പോരാട്ടവും അംഗീകരിച്ചുകൊണ്ട് 1932ല്‍ സ്വയംഭരണാവകാശം നല്‍കുകയുണ്ടായി. എന്നാല്‍, സ്വേച്ഛാധിപതിയായിരുന്ന ജനറല്‍ ഫ്രാങ്കോയുടെ സര്‍ക്കാര്‍ കാറ്റലോണിയയുടെ സ്വയംഭരണാവകാശം എടുത്തുകളഞ്ഞു.ഇന്ന് കാറ്റലോണിയ സ്പാനിഷ് സമ്പദ്ഘടനയുടെ നെടുംതൂണാണ്. സ്‌പെയിനിന്റെ കയറ്റുമതി 26 ശതമാനവും കാറ്റലോണിയയില്‍ നിന്നാണ്. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 19 ശതമാനവും ഇവിടെനിന്നാണ്. സ്‌പെയിനിലെത്തുന്ന വിദേശനിക്ഷേപത്തിന്റെ 21 ശതമാനവും കാറ്റലോണിയയെയാണ് ലക്ഷ്യമിടുന്നത്. സ്വതന്ത്ര പദവിക്കായുള്ള കാറ്റലോണിയയുടെ പ്രവര്‍ത്തനങ്ങള്‍ക്കു നീണ്ട പാരമ്പര്യമാണുള്ളത്. 2006ല്‍ സ്‌പെയിന്‍ പാര്‍ലമെന്റ് കാറ്റലോണിയക്ക് ഭാഗികമായ സ്വയംഭരണാവകാശം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 2010ല്‍ സ്‌പെയിനിലെ ഭരണഘടനാ കോടതി സ്വയംഭരണാവകാശങ്ങള്‍ റദ്ദുചെയ്യുകയാണ് ഉണ്ടായത്. കഴിഞ്ഞ ഒക്‌ടോബര്‍ ഒന്നിന് നടന്ന കാറ്റലോണിയന്‍ ഹിതപരിശോധനയ്ക്കിടെ വ്യാപക സംഘര്‍ഷമുണ്ടായി. ഹിതപരിശോധന പോലിസ് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ മോശമായത്. പോലിസ് ഇടപെടലില്‍ ആയിരത്തോളം പേര്‍ക്കു പരിക്കേറ്റതായി കാറ്റലന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. സ്‌പെയിനില്‍ നിന്നു സ്വാതന്ത്ര്യം നേടി പ്രത്യേക കാറ്റലോണിയന്‍ രാഷ്ട്രം രൂപീകരിക്കുന്നതിന് അഭിപ്രായം തേടിയാണ് ഹിതപരിശോധന നടന്നത്. എന്നാല്‍ ഹിതപരിശോധന നിയമവിരുദ്ധമാണെന്ന് സ്പാനിഷ് ഭരണഘടനാ കോടതി ഉത്തരവിട്ടിരുന്നു. വോട്ടെടുപ്പ് തടയുമെന്ന് സ്പാനിഷ് സര്‍ക്കാരും പ്രഖ്യാപിച്ചിരുന്നു. ഹിതപരിശോധനയ്ക്കുള്ള പോളിങ് ബൂത്തുകളില്‍ പകുതിയിലധികവും പോലിസ് അടച്ചുപൂട്ടി. വോട്ടിങ് തടഞ്ഞ പോലിസ്, ബാലറ്റ് പേപ്പറുകളും പെട്ടികളും ജപ്തി ചെയ്തു. ബാഴ്‌സലോണിയയില്‍ ഹിതപരിശോധനാ അനുകൂലികള്‍ക്കു നേരെ പോലിസ് ലാത്തിച്ചാര്‍ജും റബര്‍ ബുള്ളറ്റ് ഉപയോഗിച്ച് വെടിവയ്പും നടത്തി. പോലിസ് അവരുടെ ജോലി നിറവേറ്റിയെന്നായിരുന്നു സംഭവത്തെക്കുറിച്ച് സ്പാനിഷ് ഉപപ്രധാനമന്ത്രി റോസായ സേല്‍സ് അഭിപ്രായപ്പെട്ടത്. പോലിസ് നടപടിയെ കാറ്റലോണിയന്‍ നേതാക്കള്‍ അപലപിച്ചു. ആക്രമണം അഴിച്ചുവിട്ട പോലിസ് നടപടി നീതീകരിക്കാനാവില്ലെന്ന് കാറ്റലോണിയന്‍ നേതാവ് കാര്‍ലസ് പ്യൂജിമോണ്ട് അഭിപ്രായപ്പെട്ടു. അര്‍ധസൈന്യ വിഭാഗമായ ഗാര്‍ഡിയ സിവില്‍ കുട്ടികളും വൃദ്ധരും അടക്കമുള്ളവരെ മര്‍ദിച്ചതായി വോട്ടര്‍മാര്‍ അറിയിച്ചു.  കാറ്റലോണിയ സ്വതന്ത്രരാഷ്ട്രമായി മാറണമെന്ന് നിങ്ങള്‍ ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യമാണ് ഹിതപരിശോധനയില്‍ ചോദിച്ചത്. ഇതിന് അതെ അല്ലെങ്കില്‍ അല്ല എന്നു വോട്ട് രേഖപ്പെടുത്താം. വോട്ടര്‍മാര്‍ക്ക് സ്വന്തമായി ബാലറ്റ് പേപ്പര്‍ പ്രിന്റ് ചെയ്യുന്നതിനും ഏതു പോളിങ് കേന്ദ്രത്തിലും വോട്ട് ചെയ്യാനും പ്രാദേശിക സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. വോട്ടെടുപ്പ് സാമഗ്രികള്‍ പോലിസ് ജപ്തി ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്. മേഖലയില്‍ 53 ലക്ഷം അംഗീകൃത വോട്ടര്‍മാരില്‍ 22 ലക്ഷം പേരാണ് ഹിതപരിശോധനയില്‍ വോട്ട് ചെയ്തത്. ഭരണഘടനാ കോടതി അസാധുവാക്കിയതിനെ തുടര്‍ന്ന് പല പ്രദേശത്തും വോട്ടെടുപ്പ് പോലിസ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. കാറ്റലോണിയക്ക് സ്വാതന്ത്ര്യം അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ആദ്യം മുതല്‍ തന്നെ സ്‌പെയിന്‍ വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തുന്ന കാര്യത്തില്‍ കാറ്റലോണിയന്‍ പ്രസിഡന്റ് കാര്‍ലസ് പ്യൂജിമോണ്ട് അറച്ചുനില്‍ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ ജനവികാരം മാനിച്ചു മുന്നോട്ടുപോവാന്‍ അദ്ദേഹവും കാറ്റലോണിയന്‍ നേതൃത്വവും തീരുമാനിക്കുകയാണ് ചെയ്തത്. ഒരു മാസത്തോളം നീണ്ട സംഘര്‍ഷത്തിനൊടുവില്‍ കാറ്റലോണിയ സ്വാതന്ത്ര്യപ്രഖ്യാപനം നടത്തി. കാറ്റലോണിയയില്‍ നേരിട്ടു ഭരണം നടത്താന്‍ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയിക്ക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയതിന് തൊട്ടുപിന്നാലെയാണിത്. 135 അംഗ കാറ്റലന്‍ പാര്‍ലമെന്റില്‍ പത്തിനെതിരേ 70 വോട്ടിനാണ് സ്വാതന്ത്ര്യ പ്രമേയം പാസായത്. രണ്ടുപേര്‍ വിട്ടുനിന്നു. പ്രതിപക്ഷം ബഹിഷ്‌കരിച്ചു. സ്വയംഭരണം റദ്ദാക്കി കേന്ദ്രഭരണം തുടങ്ങിയതോടെ രാഷ്ട്രീയപ്രതിസന്ധി രൂക്ഷമായ കാറ്റലോണിയയില്‍ ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. തിരഞ്ഞെടുപ്പില്‍ പ്യൂജിമോണ്ട് പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചാല്‍ സ്വീകരിക്കുമെന്ന് സ്പാനിഷ് അധികൃതര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. കാറ്റലോണിയയുടെ സ്വാതന്ത്ര്യവാദത്തിനെതിരേയും ബാഴ്‌സലോണിയയില്‍ റാലി നടന്നു. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോയ കാര്‍ലസ് പ്യൂജിമോണ്ടിനെ ശിക്ഷിക്കണമെന്ന് സ്പാനിഷ് പതാകയേന്തിയ പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. ചിലര്‍ കാറ്റലോണിയയുടെയും സ്‌പെയിനിന്റെയും പതാകകള്‍ കൈകളിലേന്തിയിരുന്നു. 40 വര്‍ഷത്തിനിടെ ആദ്യമായാണ് കാറ്റലോണിയയെ സ്‌പെയിന്‍ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുന്നത്.ഇതിനിടയില്‍ പ്യൂജിമോണ്ട് ബെല്‍ജിയത്തിലേക്കു കടന്നതായാണ് റിപോര്‍ട്ട്. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ പ്യൂജിമോണ്ട്, വൈസ് പ്രസിഡന്റ് ഒറിയോല്‍ ജംഗ്യുറാസ് എന്നിവര്‍ക്കെതിരേ ക്രിമിനല്‍ കേസെടുക്കുമെന്ന് സ്പാനിഷ് അറ്റോര്‍ണി ജനറല്‍ ജോസ് മാനുവല്‍ മസാ അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്യൂജിമോണ്ട് രാജ്യം വിട്ടത്. ഇരുവര്‍ക്കുമെതിരേ ദേശദ്രോഹം, വിമതനീക്കം എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.സ്പാനിഷ് ഉദ്യോഗസ്ഥരെ വിന്യസിച്ച് കാറ്റലന്‍ മന്ത്രാലയത്തിന്റെ നിയന്ത്രണം സ്‌പെയിന്‍ പൂര്‍ണമായും ഏറ്റെടുത്തിരിക്കുകയാണ്. കാറ്റലോണിയയുടെ തീരുമാനം സ്പാനിഷ് ഭരണഘടനാ കോടതി റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം അംഗീകരിക്കില്ലെന്ന് പ്യൂജിമോണ്ടും ഒറിയോല്‍ ജംഗ്യുറാസും പറയുന്നു. ഇരുനേതാക്കളെയും അറസ്റ്റ് ചെയ്യാനാണ് സ്പാനിഷ് സര്‍ക്കാരിന്റെ നീക്കം.ബെല്‍ജിയത്തിലുള്ള കാറ്റലോണിയന്‍ നേതാക്കള്‍ അവിടെ തങ്ങി സ്പാനിഷ് കോടതിയില്‍ വാദിക്കുമെന്ന് പ്യൂജിമോണ്ടിന്റെ അഭിഭാഷകര്‍ ഇതിനകം പ്രസ്താവിച്ചിട്ടുണ്ട്. കാറ്റലോണിയന്‍ സ്വാതന്ത്ര്യദാഹികളെ അമര്‍ച്ച ചെയ്യാന്‍ എല്ലാവിധ സഹായങ്ങളും അമേരിക്ക, ബ്രിട്ടന്‍ അടക്കമുള്ള സാമ്രാജ്യത്വ രാഷ്ട്രങ്ങളും യൂറോപ്യന്‍ യൂനിയനും സ്‌പെയിനിന് വാഗ്ദാനം നല്‍കിയിട്ടുണ്ട്. മുമ്പും സാമ്രാജ്യത്വശക്തികള്‍ സ്‌പെയിനിലെ സ്വേച്ഛാധിപതികളായ ജനറല്‍ ഫ്രാങ്കോ അടക്കമുള്ള ഭരണാധികാരികള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കിയിട്ടുള്ളത് ചരിത്രമാണ്. അത് വീണ്ടും ആവര്‍ത്തിക്കുന്നുവെന്നേയുള്ളൂ. അതുകൊണ്ടുതന്നെ കാറ്റലോണിയയിലെ പ്രശ്‌നങ്ങള്‍ എളുപ്പം പരിഹൃതമാവുമെന്നും തോന്നുന്നില്ല.ദേശീയതയെ അംഗീകരിപ്പിക്കുന്നതിനും സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനും വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ വിവിധ രാജ്യങ്ങളിലെ ദേശീയ ജനവിഭാഗങ്ങള്‍ ഇന്നു നടത്തിക്കൊണ്ടിരിക്കുകയാണ്. ജനങ്ങളുടെ ദേശീയവികാരങ്ങളെ പല രാജ്യങ്ങളിലും ശക്തമായി അടിച്ചമര്‍ത്തുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ജനവികാരം ചവിട്ടിമെതിക്കുന്ന ഭരണകൂടങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് കാറ്റലോണിയയിലെ സംഭവങ്ങള്‍. യാന്ത്രികമായി ഒരു രാജ്യത്തെ സൃഷ്ടിക്കാനോ നിലനിര്‍ത്താനോ സാധ്യമല്ല. ദേശീയ ജനവികാരമാണ് പരമപ്രധാനം. ഈ വികാരങ്ങളെ അടിച്ചമര്‍ത്തി മുന്നോട്ടുപോവാന്‍ ഒരു ഭരണാധികാരിക്കും സാധിക്കില്ലെന്നു ലോകത്തോട് വിളിച്ചുപറയുകയാണ് കാറ്റലോണിയയിലെ സ്വാതന്ത്ര്യദാഹികളായ ജനസമൂഹം.
Next Story

RELATED STORIES

Share it