Alappuzha local

കാര്‍ഷിക വികസന സമിതികള്‍ നോക്കുകുത്തികളാവുന്നു



ഹരിപ്പാട്:പുഞ്ചകൃഷി തുടങ്ങിയിട്ടും കാര്‍ഷിക വികസന സമിതികള്‍ നോക്കുകുത്തികളാവുന്നു. കൃഷിയെ സംരക്ഷിക്കുന്നതിനും സര്‍ക്കാരില്‍ നിന്നു ധനസഹായങ്ങള്‍ വാങ്ങി കര്‍ഷകര്‍ക്ക് നല്‍കുന്നതിനും കര്‍ഷകര്‍ക്ക് കൃഷി അവബോധമുണ്ടാക്കുന്നതിനും മുന്‍കൈയെടുക്കുന്നതിന് കാര്‍ഷിക വികസന സമിതികള്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. എന്നാല്‍ മിക്ക സമിതികളും പേരിനുവേണ്ടി യോഗംകൂടി പിരിയുകയാണ് പതിവ്. തരിശു നിലങ്ങള്‍ കൃഷിയോഗ്യമാക്കണമെന്നാണ് കൃഷിമന്ത്രിയുടെ ഉത്തരവ്. കരകൃഷിയെ പ്രോല്‍സാഹിപ്പിക്കാന്‍ തദ്ദേശ ആരോഗ്യ വിദ്യാഭ്യാസ പൊതുമരാമത്ത് വകുപ്പുകളുമായി സഹകരിച്ച് പലപദ്ധതികളാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി വഴിയോര പച്ചക്കറി കൃഷിയും വിദ്യായാലയങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍  പച്ചകറി കൃഷികളും വ്യാപകമായി കൃഷിചെയതു വരുന്നുണ്ട്. ഈ  കൃഷിക്ക്്്് നല്ല പ്രചാരവും പ്രോത്സാഹനവും സാമ്പത്തിക  സഹായവുമാണ് നല്‍കുന്നത്. എന്നാല്‍ നെല്‍കൃഷിക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. കുട്ടനാട് മേഖലകളില്‍ പുഞ്ച കൃഷി തുടങ്ങിയെങ്കിലും പല പാടങ്ങളും മടവീണു.വിതകഴിഞ്ഞ പല പാടങ്ങളാകട്ടെ  മടവീഴ്ച ഭീഷണിയിലുമാണ്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതും അവരെ സംരക്ഷിക്കേണ്ടതുമായ കാര്‍ഷികവികസന സമിതികള്‍ പ്രവര്‍ത്തന രഹിതമാവുകയാണ്. രണ്ടാം കൃഷിയില്‍ വന്‍ പരാജയമാണ് ഇവിടങ്ങളില്‍ സംഭവിച്ചത്്. എന്നിട്ടും പുഞ്ചകൃഷിയില്‍ വ്യാപൃതരാവുകയാണ് കര്‍ഷകര്‍. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്് അധ്യക്ഷനായും കൃഷി ഓഫിസര്‍ കണ്‍വീനറുമായ സമിതിയാണ് പ്രാദേശിക സമിതികള്‍. ഗ്രാമപ്പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരും നിയമസഭയില്‍ അംഗത്തമുള്ള രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രതിനിധികള്‍,അംഗീകൃത കര്‍ഷകസംഘടനകളുടേയും കര്‍ഷകതൊഴിലാളികളുടേയും വനിതാകര്‍ഷകരുടേയും പ്രതിനിധികള്‍,പട്ടികജാതി വര്‍ഗ കര്‍ഷകതൊഴിലാളികളുടെ പ്രതിനിധികളും കേരകര്‍ഷകസംഘം പ്രതിനിധികളും സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന പ്രതിനിധികളും സമിതിയിലുണ്ടാവും. എന്നാല്‍ മിക്ക കൃഷിഭവന്‍ പരിധിയിലും സമിതികള്‍ കൂടാറില്ല. കൃഷി ഓഫിസുകളിലും ഓഫിസറന്മാരോ, വേണ്ടത്ര ജീവനക്കാരോ ഇല്ല. ഈ പോരായ്മ പരിഹരിക്കാന്‍ കൃഷിവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല.ഒന്നില്‍ കൂടുതല്‍ കൃഷിഭവന്റെ ചാര്‍ജ് വഹിക്കേണ്ട ഗതികേടിലാണ് ഉദ്യോഗസ്ഥര്‍. എന്നാല്‍ ചിലകൃഷിഭവനുകള്‍  വികസനസമിതികള്‍ കൂടാറുണ്ടെങ്കിലും എല്ലാ പ്രതിനിധികളേയും അറിയിക്കാറില്ല. ഭരണകക്ഷിയില്‍പെട്ട രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചില പ്രദേശങ്ങളില്‍ സ്വാധീനമുള്ള പ്രതിപക്ഷകക്ഷികളുടെ പ്രതിനിധികളേയുമാണ്  യോഗത്തിന് വിളിക്കാറുള്ളതെന്ന് പ്രതിനിധികള്‍ പറയുന്നു. ഈ നടപടി പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാന സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രയും ഉപാധ്യക്ഷന്‍ കൃഷിമന്ത്രയുമായ സമിതിയില്‍ കാര്‍ഷികോല്‍പാദന കമ്മീഷണറും തദ്ദേശ സ്വയംഭരണ, ജലവിഭവ, മൃഗസംരക്ഷണ , വൈദ്യുതി,സഹകരണ മന്ത്രിമാരും, പ്ലാനിങ് ബോര്‍ഡ്‌ചെയര്‍ മാനും സമിതിയിലുണ്ടാവും. നെല്‍കര്‍ഷകരെ സംരക്ഷിക്കേണ്ട  കാര്‍ഷികവികസന സമിതികള്‍ മാസത്തില്‍ ഒരുതവണയെങ്കിലും കൂടി കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നാവശ്യം ശക്തമാവുകയാണ്.
Next Story

RELATED STORIES

Share it