thrissur local

കാര്‍ഷിക ഭൂപണയ ബാങ്ക് തിരഞ്ഞെടുപ്പ് : പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരേ ഗോപപ്രതാപന്‍ മല്‍സര രംഗത്ത്



കെ എം അക്ബര്‍

ചാവക്കാട്: കോണ്‍ഗ്രസ് ഭരിക്കുന്ന താലൂക്ക് സഹകരണ കാര്‍ഷിക ഭുപണയ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ സി എ ഗോപപ്രതാപന്‍ മല്‍സര രംഗത്ത്. വായ്പ വിഭാഗത്തില്‍ ഔദ്യോഗിക സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്ന കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെ വി ഷാനവാസിനെതിരേയാണ് മുന്‍ ബ്ലോക്ക് പ്രസിഡന്റും ഇപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്യപ്പെട്ടയാളുമായ ഗോപപ്രതാപന്‍ മല്‍സരിക്കുന്നത്. കൂടാതെ മറ്റു നാലു പേരും ഗോപപ്രതാപന്റെ പിന്തുണയില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരേ മല്‍സര രംഗത്തുണ്ട്. മല്‍സരിക്കുന്നതിനായി ഗോപപ്രതാപന്‍ പത്രിക നല്‍കിയപ്പോള്‍ തന്നെ പത്രിക പിന്‍വലിക്കണമെന്ന്് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പത്രിക പിന്‍വലിക്കാന്‍ ഗോപപ്രതാപന്‍ തയ്യാറായില്ല. ഇതോടെ ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്റെ രഹസ്യ പിന്തുണയിലാണ് ഗോപപ്രതാപന്‍ മല്‍സരിക്കുന്നതെന്ന ആരോപണവുമായി ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയിരുന്നു. ഗോപപ്രതാനും ടി എന്‍ പ്രതാപനും ചേര്‍ന്ന് ചിരിച്ചു കൊണ്ടിരിക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഈ ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ സി ഹനീഫ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം ഉയര്‍ന്നപ്പോഴാണ് അന്ന് ബ്ലോക്ക് പ്രസിഡന്റായിരുന്ന ഗോപപ്രതാപനെ കെപിസിസി നേതൃത്വം സസ്‌പെന്റ് ചെയ്തത്. പിന്നീട് നടന്ന നിയമസഭ സഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പിന്തുണച്ച് ഗോപപ്രതാപന്‍ ശക്തി പ്രകടനത്തിന്  നേതൃത്വം നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയില്‍ വീണ്ടും കയറിക്കൂടുക എന്ന കണക്കുകൂട്ടലിലായിരുന്നു ഇത്. എന്നാല്‍, തിരഞ്ഞെടുപ്പിനു ശേഷവും സസ്‌പെന്‍ഷന്‍ പിന്‍വലിക്കാതിരുന്നതോടെ മേഖലയിലെ പാര്‍ട്ടി ഔദ്യോഗിക പരിപാടികളില്‍ പങ്കെടുത്തായിരുന്നു ഗോപപ്രതാപന്‍ രംഗത്തെത്തിയത്. ഇത് ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ കടുത്ത പ്രതിഷേധനത്തിന് വഴിവെച്ചിരുന്നു. ഇതിനിടേയാണ് പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിക്കുകയും മറ്റു പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരേ നാലു പേരെ മല്‍സരിപ്പിക്കുകയും ചെയ്യാനുള്ള നീക്കം ഗോപപ്രതാപനില്‍ നിന്നുണ്ടായത്. ഗോപപ്രതാപനൊഴികെ മറ്റു നാലു പേരും ഐ ഗ്രൂപ്പ സ്ഥാനാര്‍ഥികള്‍ക്കെതിരേയാണ് മല്‍സരിക്കുന്നത്. ഇത് ഗോപപ്രതാപനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെടുന്ന സി എന്‍ ബാലകൃഷ്ണന്‍, വി ഡി സതീശന്‍, കെ സുധാകരന്‍ എ്ന്നിവരെ വെട്ടിലാക്കിയിട്ടുണ്ട്. കാര്‍ഷിക ഭൂപണയ ബാങ്കിലെ പകുതിയിലേറെ അംഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ധൃതിപിടിച്ച് പുതിയ ആളുകള്‍ക്ക് ബാങ്കില്‍ അംഗത്വം നല്‍കുകയും അംഗത്വം പുതുക്കാനാവാതെ എ ഗ്രൂപ്പിനെ അനുകൂലിക്കുന്ന ആറായിരത്തോളം പേര്‍ക്ക് വോട്ടവകാശം നിഷേധിച്ചെന്നുമായിരുന്നു ആരോപണം. 50 രൂപയുണ്ടായിരുന്ന അംഗത്വതുക 100 രൂപയാക്കി ഉയര്‍ത്തിയതോടെ ബാക്കിസംഖ്യയടച്ച് അംഗത്വം പുതുക്കാനെത്തിയ ഇവരെ ബാങ്ക് അധികൃതര്‍ അനുവദിച്ചില്ലെന്ന പരാതിയും ഉയര്‍ന്നതോടെ എ ഗ്രൂപ്പ് തിരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫീസര്‍ക്കും സഹകരണവകുപ്പ് ജോ.രജിസ്ട്രാര്‍ക്കും സഹകരണവകുപ്പുമന്ത്രിക്കും പരാതി നല്‍കിയിരുന്നു. അഞ്ചുവര്‍ഷം മുമ്പ് നടന്ന കാര്‍ഷിക ഭൂപണയ ബാങ്ക് തിരഞ്ഞെടുപ്പില്‍ എ-ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം നടന്നിരുന്നു.
Next Story

RELATED STORIES

Share it