കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റിന് താല്‍ക്കാലിക വിലക്ക്്‌

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഈ കാര്‍ത്തി ചിദംബരത്തിന്റെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടഞ്ഞു. കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് കാര്‍ത്തി ചിദംബരം നല്‍കിയ ഹരജി പരിഗണിക്കവെയാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. ഈമാസം 20വരെയാണ് കാര്‍ത്തിക്ക് ഇടക്കാല സംരക്ഷണം ലഭിക്കുക. കാര്‍ത്തി ചിദംബരം ഇപ്പോള്‍ സിബിഐയുടെ കസ്റ്റഡിയിലാണ്.
സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുമ്പോള്‍ കാര്‍ത്തിയെ അറസ്റ്റ് ചെയ്യാനുള്ള നീക്കത്തില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ കോടതി വിലക്കി. ഹരജിയില്‍ ഇഡിക്കും കേന്ദ്രസര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചു. സിബിഐ ചോദ്യം ചെയ്യലിനിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമന്‍സ് അയച്ചിരുന്നു. ഇതിനെതിരേയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
കേസില്‍ ഹൈക്കോടതി അടുത്ത തവണ വാദം കേള്‍ക്കുന്നതുവരെ ഇഡി അധികൃതര്‍ അറസ്റ്റ്് ചെയ്യരുതെന്ന് ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടിന്റെ ബെഞ്ച് വ്യക്തമാക്കി. 20നാണ് കോടതി കേസ് പരിഗണിക്കുക. കാര്‍ത്തിയുടെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നോ, രാജ്യം വിട്ടുപോവരുതെന്നോ ഉള്ള ഉപാധികള്‍ എന്‍ഫോഴ്‌സ്‌മെന്റിനു മുന്നോട്ടുവയ്ക്കാം. അറസ്റ്റ്് ചെയ്യുന്നതിനുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ അധികാരം സംബന്ധിച്ച, കള്ളപ്പണം തടയല്‍ നിയമത്തിലെ 19ാം വകുപ്പിന്റെ ഭരണഘടനാ സാധുത പരിശോധിക്കല്‍ കോടതി പരിഗണിച്ചില്ലെന്നും ബെഞ്ച് വ്യക്തമാക്കി. അതേസമയം, അഴിമതിക്കേസില്‍ കാര്‍ത്തിയുടെ സിബിഐ കസ്റ്റഡി കാലാവധി പ്രത്യേക കോടതി മൂന്നുദിവസത്തേക്ക് കൂടി നീട്ടി. ഈമാസം 12 വരെയാണ് കസ്റ്റഡി കാലാവധി നീട്ടിയത്.
Next Story

RELATED STORIES

Share it