malappuram local

കാരുണ്യവഴിയിലൂടെ ഓട്ടോ സര്‍വീസ്

മഞ്ചേരി: മാനവികതയുടെ ഉദാത്ത ഭാവമായിരുന്നു ഇന്നലെ മഞ്ചേരിയില്‍ നിരത്തിലിറങ്ങിയ ഓട്ടോറിക്ഷകള്‍ക്ക്. വേട്ടേക്കോട് പുല്ലഞ്ചേരി സ്വദേശി വളപ്പില്‍തൊടി ഇസ്ഹാഖ്(43)നെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ മുച്ചക്ര വണ്ടികള്‍ നിരത്തു നിറഞ്ഞു. ഇരു വൃക്കകളും തകരാറിലായി ചികില്‍സയിലാണ് ഓട്ടോ ഡ്രൈവറായിരുന്ന ഇസ്ഹാഖ്. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം കിടപ്പിലായതോടെ കുടുംബം നിരാലംബരായി.
ഇത് തിരിച്ചറിഞ്ഞാണ് സഹ തൊഴിലാളികള്‍ ചികില്‍സ സഹായ ദൗത്യവുമായി രംഗത്തിറങ്ങിയത്. 180ല്‍പരം ഓട്ടോറിക്ഷകള്‍ ഒരു ദിവസത്തെ വരുമാനം മുഴുവന്‍ ഇസ്ഹാഖ് സഹായ നിധിയിലേക്ക് മാറ്റിവച്ചു.
ഇത് യാത്രക്കാരെ അറിയിക്കാന്‍ വാഹനങ്ങള്‍ക്കു മുന്നില്‍ ബാനറുകള്‍ വച്ചായിരുന്നു സര്‍വീസ്. വൃക്ക മാറ്റിവച്ചാല്‍ മാത്രമെ ഇസ്ഹാഖിനെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാനാവൂ. ഇതിന് 20 ലക്ഷത്തിലധികം രൂപ ചെലവു വരും. ഭീമമായ തുക കണ്ടെത്തുന്നതിന്റെ ആദ്യപടിയായിട്ടായിരുന്നു ഈ സഹായ സര്‍വീസ്.
മഞ്ചേരി സംയുക്ത ഓട്ടോ തൊഴിലാളി യൂനിയനാണ് സഹായ പദ്ധതിയുമായി രംഗത്തുവന്നത്. നഗരത്തില്‍ സര്‍വീസ് നടത്തുന്ന മിക്ക ഓട്ടോ തൊഴിലാളികളും ഈ ഉദ്യമവുമായി സഹകരിച്ചു. ചികില്‍സ സഹായ സര്‍വീസ് ട്രാഫിക് എസ്‌ഐ സുകുമാരന്‍ ഫഌഗ് ഓഫ് ചെയ്തു. വി എം സൈനുദ്ദീന്‍, മുഹമ്മദ് കാരക്കുന്ന്, വി പി ഹാരിസ്, മുഹമ്മദ് പത്തിരിയാല്‍ നേതൃത്വം നല്‍കി
Next Story

RELATED STORIES

Share it