Flash News

കായല്‍ കൈയേറ്റം : റവന്യൂ വകുപ്പും എജിയും നേര്‍ക്കുനേര്‍



തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ വകുപ്പും അഡ്വക്കറ്റ് ജനറലും തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. കേസില്‍ റവന്യൂ വകുപ്പിനു വേണ്ടി ഹാജരാവുന്നതില്‍ നിന്ന് അഡീഷനല്‍ അഡ്വക്കറ്റ് ജനറലിനെ ഒഴിവാക്കി സ്‌റ്റേറ്റ് അറ്റോര്‍ണിയെ നിയോഗിച്ചതാണ് തര്‍ക്കത്തിനു കാരണം. സിപിഐ നോമിനികൂടിയായ എഎജി അഡ്വ. രഞ്ജിത് തമ്പാനെ മാറ്റി പകരം സ്റ്റേറ്റ് അറ്റോര്‍ണി കെ വി സോഹനെ കേസ് ഏല്‍പിച്ച എജിയുടെ നടപടിക്കെതിരേ റവന്യൂ മന്ത്രി രംഗത്തെത്തി. നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഇ ചന്ദ്രശേഖരന്‍ അഡ്വക്കറ്റ് ജനറലിന് ഫാക്‌സയച്ചു. എന്നാല്‍, മന്ത്രിയുടെ ആവശ്യം തള്ളിയ എജി, കേസില്‍ ആര് ഹാജരാവണമെന്നത് തന്റെ വിവേചനാധികാരമാണെന്ന നിലപാടിലാണ്. മുഖ്യമന്ത്രി നിര്‍ദേശിച്ചാലല്ലാതെ അഭിഭാഷകനെ മാറ്റാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട കേസുകളില്‍ സാധാരണ അഡീഷനല്‍ അഡ്വക്കറ്റ് ജനറലാണ് സര്‍ക്കാരിനു വേണ്ടി ഹാജരാവേണ്ടത്. തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ കേസില്‍ കലക്ടറുടെ റിപോര്‍ട്ട് ഉള്‍പ്പെടെ ഹൈക്കോടതി പരിഗണിക്കാനിരിക്കെ, വകുപ്പിനെ അറിയിക്കാതെ അഭിഭാഷകനെ മാറ്റുകയായിരുന്നു. എജിയുടെ നടപടിയില്‍ കടുത്ത പ്രതിഷേധത്തിലാണ് റവന്യൂ മന്ത്രി. പൊതുതാല്‍പര്യവും റവന്യൂ കേസുകളിലെ പരിചയസമ്പത്തും പരിഗണിച്ച് രഞ്ജിത് തമ്പാനെ തന്നെ കേസ് ഏല്‍പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. മുഖ്യമന്ത്രിയും റവന്യൂ വകുപ്പും തമ്മിലെ ഭിന്നത കൂടുതല്‍ രൂക്ഷമാകുന്നുവെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍.കേസ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഭാഗം നിര്‍ണായകമാണെന്നിരിക്കെ എഎജിയെ ഒഴിവാക്കിയതിനു പിന്നില്‍ ദുരൂഹതയുണ്ട്. കീഴ്‌വഴക്കം ലംഘിച്ച് മറ്റൊരു അഭിഭാഷകനെ നിയോഗിച്ചത് കേസ് ദുര്‍ബലമാക്കാനാണെന്നാണ് ആക്ഷേപം. തോമസ് ചാണ്ടിയുടെ പേരിലുള്ള കേസില്‍ സിപിഐയും റവന്യൂ വകുപ്പും കര്‍ശന നിലപാടാണ് സ്വീകരിച്ചുവരുന്നത്. കേസില്‍ നിന്ന് ഒഴിവാക്കിയത് താന്‍ അറിഞ്ഞില്ലെന്ന തരത്തില്‍ കഴിഞ്ഞദിവസം രഞ്ജിത് തമ്പാനില്‍ നിന്നു പ്രസ്താവന വന്നിരുന്നു. ഹരിത ട്രൈബ്യൂണലിലെ മൂന്നാര്‍ കേസില്‍ രഞ്ജിത് തമ്പാനെ ഒഴിവാക്കാന്‍ ശ്രമമുണ്ടായിരുന്നു. സിപിഐ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ ശ്രമം ഉപേക്ഷിച്ചെങ്കിലും സിപിഎമ്മിന്റെ കര്‍ഷകസംഘടനയെ കക്ഷിചേര്‍ക്കുകയായിരുന്നു. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളില്‍ വകുപ്പിനെ അപ്രസക്തമാക്കി മുഖ്യമന്ത്രി നേരിട്ടു കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ തുടര്‍ച്ചയായാണ് എജിയുടെ നടപടിയെ സിപിഐ കാണുന്നത്. കായല്‍ കൈയേറ്റവുമായി ബന്ധപ്പെട്ട കേസില്‍ റവന്യൂ മന്ത്രിയുടെ അഭിപ്രായം തഴഞ്ഞ് കലക്ടറുടെ റിപോര്‍ട്ടിന്മേല്‍ നിയമോപദേശം തേടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനമെന്നാണ് സൂചന. മൂന്നാര്‍ കേസില്‍ കൈയേറ്റം ഒഴിപ്പിക്കലുമായി മുന്നോട്ടുപോയപ്പോള്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് നിര്‍ദേശിച്ചതും റവന്യൂ മന്ത്രി എതിര്‍ത്തിരുന്നു. പിന്നീട് റവന്യൂ സെക്രട്ടറിയെക്കൊണ്ട് മുഖ്യമന്ത്രി യോഗം വിളിപ്പിച്ചു. റവന്യൂ മന്ത്രിയെ തഴഞ്ഞ് റവന്യൂ സെക്രട്ടറി വഴി മുഖ്യമന്ത്രി വകുപ്പില്‍ ഇടപെടുന്നുവെന്ന പരാതി സിപിഐക്കുണ്ട്.
Next Story

RELATED STORIES

Share it