Alappuzha local

കായംകുളം ജലോല്‍സവം ഇന്ന്

കായംകുളം: ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അഞ്ചാമത് കായംകുളം ജലോല്‍സവം ഇന്ന് കായംകുളം കായലില്‍ നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ ജലഘോഷയാത്രയും മല്‍സരവള്ളംകളിയും നടക്കും.
ചുണ്ടന്‍ വള്ളങ്ങള്‍, ഓടി, വെപ്പ്, സ്ത്രീകളുടെ തെക്കന്‍ ഓടി തുടങ്ങിയ കളിവള്ളങ്ങള്‍ തുടങ്ങിയ മല്‍സരത്തില്‍ പങ്കെടുക്കും. നെഹ്‌റു ട്രോഫിയില്‍ ആദ്യ ഒമ്പതു സ്ഥാനങ്ങളില്‍ വന്ന ചുണ്ടന്‍ വള്ളങ്ങളാണ് കായംകുളം ജലോല്‍സവത്തില്‍ പങ്കെടുക്കുന്നത് എന്നുള്ളതുകൊണ്ടുതന്നെ വീറും വാശിയും വര്‍ധിക്കും.
കെ സി വേണുഗോപാല്‍ എംപി പതാക ഉയര്‍ത്തും. സി കെ സദാശിവന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ കേരള ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മല്‍സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍ മാസ്ഡ്രില്‍ ഫഌഗ് ഓഫ് നടത്തും. തുടര്‍ന്ന് വഞ്ചിപ്പാട്ട്, വാട്ടര്‍ സ്‌കേറ്റിങ്, സമാധാനദൂതുമായി സ്പീഡ് ബോട്ടുകളുടെ പ്രയാണം എന്നിവ നടക്കും. ജില്ലാ കലക്ടര്‍ എന്‍ പത്മകുമാര്‍ സ്വാഗതമാശംസിക്കും.
എംഎല്‍എമാരായ. തോമസ്ചാണ്ടി, പി സി വിഷ്ണുനാഥ്, പി തിലോത്തമന്‍, എ എം ആരിഫ്, ആര്‍ രാജേഷ്, കായംകുളം നഗരസഭാ ചെയര്‍മാന്‍ എന്‍ ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ജില്ലാ പഞ്ചായത്തംഗം അരിതാബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപിന്‍ സി ബാബു, നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍, പത്തിയൂര്‍, കണ്ടല്ലൂര്‍, ദേവികുളങ്ങര, കൃഷ്ണപുരം, ചെട്ടികുളങ്ങര, ഭരണിക്കാവ് തുടങ്ങിയ ഗ്രാമപ്പഞ്ചായത്തിലെ പ്രസിഡന്റുമാര്‍ സംബന്ധിക്കും. ഗോകുലം ഗോപാലന്‍ സമ്മാനദാനം നിര്‍വഹിക്കും. ജലോല്‍സവത്തിന്റെ ഇടവേളകളില്‍ പൂനയില്‍ നിന്നുള്ള പ്രത്യേക സംഘത്തിന്റെ വാട്ടര്‍സ്‌കേറ്റിങ് ഉണ്ടായിരിക്കും.
ഇന്നലെ രാവിലെ കലാമത്സരമേള ആരംഭിച്ചു. കൈനകരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വഞ്ചിപ്പാട്ട്, ഒപ്പന, തിരുവാതിര, നാടന്‍പാട്ട് എന്നിവയില്‍ മല്‍സരങ്ങള്‍ നടന്നു. വൈകീട്ട് ആറിന് സാംസ്‌കാരികസമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. സി കെ സദാശിവന്‍ എംഎല്‍എ സമ്മാനദാനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് ചലച്ചിത്ര പിന്നണിഗായകരായ വിധു പ്രതാപ്, സിതാര എന്നിവരുടെ നേതൃത്വത്തില്‍ ഗാനമേള അരങ്ങേറി.
Next Story

RELATED STORIES

Share it