'കാമറ കൈയിലെടുത്തതിനാല്‍ അവന് ഇതെല്ലാം നേരിടേണ്ടി വന്നു'

ന്യൂഡല്‍ഹി: കാമറ കൈയിലെടുക്കുന്നത് ഇത്ര വലിയ അപകടമാവുമെന്നു കരുതിയില്ലെന്ന്, പോലിസിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ചു കശ്മീരിലെ പുല്‍വാമയില്‍ നിന്ന് അറസ്റ്റിലായ കമ്രാന്‍ യൂസുഫിന്റെ മാതാവ് റുബീന. ഫോട്ടോഗ്രഫിയില്‍ അതീവ താല്‍പര്യമുള്ളതിനാലാണു കമ്രാന്‍ കാമറ വാങ്ങിയത്. അതും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പണം കടമെടുത്ത്. അവനു ജാമ്യം ലഭിക്കുകയാണേല്‍ ഒരു കടയിട്ടു കൊടുക്കാനാണു ഞങ്ങളുടെ തീരുമാനം. ഇനി അവനെ കാമറ കൈയിലെടുപ്പിക്കില്ല. അത് കൈയിലെടുത്തതിനാലാണ് അവനിതെല്ലാം നേരിടേണ്ടി വന്നതെന്നും അവര്‍ പറഞ്ഞു.
കമ്രാന്റെ ജാമ്യാപേക്ഷയില്‍ വാദം നടക്കുന്ന ഡല്‍ഹി കോടതിയില്‍ എത്തിയതായിരുന്നു റുബീന. അഡീഷനല്‍ സെഷന്‍സ് ജഡ്ജി തരുണ്‍ ഷെരാവത് ആണ് വാദംകേള്‍ക്കുന്നത്. സപ്തംബറില്‍ അറസ്റ്റിലായ കമ്രാന് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. ജാമ്യം ലഭിക്കുമെന്ന ലഭിക്കുമെന്നു പ്രതീക്ഷ നഷ്ടപ്പെട്ടതായി റുബീന പറഞ്ഞു. 18 തവണയാണു ജാമ്യാപേക്ഷയില്‍ വാദംകേട്ടത്. എന്നാണ് ജാമ്യം ലഭിക്കുക എന്ന് അറിയുകയെങ്കിലും ചെയ്താല്‍ അല്‍പം സമാധാനമായേനെ. അറസ്റ്റിലായ ശേഷം ആദ്യമായി ഞാനവനെ ജയിലില്‍ സന്ദര്‍ശിച്ചു. വളരെ ദുഃഖിതനാണെങ്കിലും ഉടന്‍ വീടണയാന്‍ പറ്റുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് തന്റെ മകനെന്നും  ദുഃഖം തളംകെട്ടിയ മുഖത്തോടെ കോടതിയില്‍ കുനിഞ്ഞിരുന്നു റൂബീന പറഞ്ഞു.
പടം എടുക്കാനെന്ന പേരില്‍ പ്രക്ഷോഭകരുടെ മുന്നില്‍ നില്‍ക്കുകയും പോലിസിനെ കല്ലെറിയുകയുമാണു കമ്രാന്‍ ചെയ്തതെന്നാണു കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) വാദം.  പ്രക്ഷോഭകരുമായി ബന്ധമുണ്ടെന്നതിനു കമ്രാന്റെ ഫോണ്‍ രേഖകളാണ് എന്‍ഐഎ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നത്. കമ്രാന്‍ ബന്ധപ്പെട്ട ഫോണ്‍ നമ്പറുകളുടെ വിശദ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസ് പരിഗണിക്കുന്നതു കോടതി നാളത്തേക്ക് മാറ്റി.
Next Story

RELATED STORIES

Share it