kasaragod local

കാന്‍സറിനെ പിടിച്ചുകെട്ടാനൊരുങ്ങി കാസര്‍കോട്



കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാന്‍സര്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ള ജില്ലകളിലൊന്നായ കാസര്‍കോട് ആ മഹാവിപത്തിനെ പിടിച്ചുകെട്ടാന്‍ ഒരുങ്ങി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്‍ഡോസള്‍ഫാന്‍ ദുരിതത്തിനുപുറമെ കാന്‍സറും ജില്ലയെ വരിഞ്ഞുമുറുക്കിയിട്ട് നാളുകളേറെയായി. ഈ പശ്ചാത്തലത്തിലാണ് കാന്‍സറിനെ പ്രതിരോധിച്ച് വരുതിയിലാക്കുന്നതിന് ജില്ലയെ പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് കാന്‍സര്‍വിമുക്ത ജില്ല പദ്ധതി പ്രഖ്യാപനം നടത്തുന്നത്. ജില്ലയുടെ തീരദേശ മേഖലകളിലാണ് കാന്‍സര്‍ കൂടുതലായും റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനികള്‍ ഉപയോഗിച്ചതുമൂലമുള്ള ദുരിതം കണ്‍മുന്നിലുണ്ടായിട്ടും നിയന്ത്രണമില്ലാതെ ഇപ്പോഴും മാരകകീടനാശിനികള്‍ ഉപയോഗിക്കുന്നതും രോഗം വര്‍ധിക്കുവാന്‍ കാരണമാകുന്നുണ്ട്.ബോധവല്‍ക്കരണത്തിലൂടെ ജനകീയമുന്നേറ്റമുണ്ടായാല്‍ മാത്രമേ കാന്‍സറിനെ നിയന്ത്രിക്കാന്‍ കഴിയുവെന്ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു പറഞ്ഞു.ആദ്യഘട്ടമായി ജില്ലയിലെ 38 പഞ്ചായത്തുകളിലും ആറു ബ്ലോക്ക് പഞ്ചായത്തുകളിലും മൂന്നു നഗരസഭകളിലും കുടുംബശ്രീ, ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കാന്‍സര്‍ രജിസ്റ്റര്‍ തയ്യാറാക്കും. അടുത്ത വര്‍ഷം ജനുവരിയോടെ ഈ രജിസ്റ്റര്‍ പൂര്‍ത്തിയാകും. കാന്‍സര്‍ മുന്‍കൂട്ടി കണ്ടെത്തുന്നതിന് ഇസിഡിസി(ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്റര്‍) കേന്ദ്രങ്ങള്‍ അടുത്ത വര്‍ഷം ജില്ലയിലെ ഒമ്പത് ആശുപത്രികളില്‍ ആരംഭിക്കും. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് 12 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. എംപി, എംഎല്‍എ മാരുടെ ഫണ്ടില്‍ നിന്നും പദ്ധതി—ക്ക് ആവശ്യമായ തുക കണ്ടെത്തുന്നതിനും ശ്രമിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ പറഞ്ഞു.മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി, മാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓങ്കോളജി എന്നിവയുടെ സാങ്കേതിക പിന്തുണയോടെ ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ജില്ലാ ആസൂത്രണസമിതിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
Next Story

RELATED STORIES

Share it