കാണാതായ രണ്ട് ബോട്ടുകള്‍ കൂടി കൊച്ചിയിലെത്തി

കൊച്ചി/മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിന് മുമ്പ് കൊച്ചിയില്‍ നിന്നും മല്‍സ്യബന്ധനത്തിന് പുറപ്പെട്ട് കാണാതായ രണ്ട് ബോട്ടുകളും 23 തൊഴിലാളികളും ഇന്നലെ കൊച്ചിയില്‍ എത്തി. അന്നാ വേളാങ്കണ്ണി, മഹത്വ എന്നീ ബോട്ടുകളാണ് കൊച്ചി ഹാര്‍ബറില്‍ എത്തിയത്. ഇനി 28 ബോട്ടുകളും 300 തൊഴിലാളികളെയുമാണ് കണ്ടെത്താനുള്ളത്. എന്നാല്‍, കാണാതായ 28 ബോട്ടുകളില്‍ മൂന്ന് എണ്ണം മുങ്ങിയതായി കൊച്ചിയില്‍ എത്തിയ ചില തൊഴിലാളികള്‍ അറിയിച്ചെങ്കിലും അസോസിയേഷന്‍ ഭാരവാഹികള്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഓഖി ദുരന്തത്തെ തുടര്‍ന്ന് ലക്ഷദ്വീപില്‍ അടുത്ത 13 ബോട്ടുകളും 111 തൊഴിലാളികളും ഇന്നലെ കൊച്ചിയില്‍ എത്തി. മരിയ വോയ്ഗ, വി മാതാ  2, ലോര്‍ഡ് ഓഫ് ദി ഓഷ്യന്‍, ഹെയില്‍ മേരി 1, ലിറ്റില്‍ ഷാ, സെന്റ് ഫ്രാന്‍സിസ്, ഹെയില്‍ മേരി  2, സെന്റ് മദര്‍ തെരേസ , അമൃതമ്മാള്‍, സുസൈഡര്‍, സെന്റ് ആന്റണി, ഹോളി ഏഞ്ചല്‍സ്, അര്‍പ്പുത മാതാ എന്നി ബോട്ടുകളാണ് കൊച്ചിയില്‍ എത്തിയത്.കടലില്‍ ഒഴുകി നടക്കുന്ന ബോട്ടുകളും മൃതദേഹങ്ങളും കണ്ടെത്തുന്നതിനായി കൊച്ചി ഹാര്‍ബറില്‍ നിന്നും ബോട്ടുകള്‍ ഇന്ന് പുറപ്പെടും. അഞ്ചും ആറും തൊഴിലാളികളുമായി കന്യാകുമാരിയില്‍ നിന്നുള്ള 10 ബോട്ടുകളാണ് തിരച്ചില്‍ നടത്തുന്നതിനായി ആഴക്കടലിലേക്ക് പുറപ്പെടുന്നത്. നേവിയുടെയും കോസ്റ്റ് ഗാര്‍ഡിന്റെയും നേതൃത്വത്തില്‍ നടത്തുന്ന തിരച്ചില്‍ പ്രഹസനമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്. നേവിയുടെ നേതൃത്വത്തില്‍ നടക്കുന്ന തിരച്ചില്‍ 150 മുതല്‍ 200 നോട്ടിക്കല്‍ മൈല്‍ അകലെ വരെയാണ്. എന്നാല്‍, ചൂണ്ടബോട്ടുകളും ലോങ് ലൈന്‍ ബോട്ടുകളും 500 മുതല്‍ 900 നോട്ടിക്കല്‍ മൈല്‍ അകലെയാണ് മല്‍സ്യബന്ധനം നടത്തുന്നത്. ഇത്രയും ദൂരം പോയി നേവി തിരച്ചില്‍ നടത്താത്ത കാരണമാണ് തൊഴിലാളികളുടെ നേതൃത്വത്തില്‍ 10 ബോട്ടുകള്‍ പുറപ്പെടുന്നത്. ഓഖി ചുഴലിക്കാറ്റില്‍ കടലില്‍ അകപ്പെട്ട മല്‍സ്യത്തൊഴിലാളികള്‍ക്കായി നാവിക സേനയും കോസ്റ്റ് ഗാര്‍ഡും നടത്തുന്ന തിരച്ചില്‍ ഇന്നലെയും തുടര്‍ന്നതായി നാവിക സേന അറിയിച്ചു. നാവിക സേനയും കോസ്റ്റ് ഗാര്‍ഡും നടത്തിയ തിരച്ചിലില്‍ ഇതുവരെ 405 മല്‍സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഏഴു മൃതദേഹങ്ങളും കണ്ടെടുത്തു. ഇതില്‍ പല മൃതദേഹങ്ങളും വലയില്‍ കുടുങ്ങി കടലില്‍ ആഴ്ന്നു കിടക്കുന്ന നിലയിലായിരുന്നെന്നും നാലു മണിക്കൂറിലധികം സേനാംഗങ്ങള്‍ കഷ്ടപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തതെന്നും നാവിക സേന അറിയിച്ചു. മല്‍സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി നാവികസേനയുടെ ഐഎന്‍സ് സുജാത എന്ന കപ്പല്‍ കടലില്‍ തിരച്ചില്‍ തുടരുകയാണ്.
Next Story

RELATED STORIES

Share it