World

കാണാതായ മലേസ്യന്‍ വിമാനം കണ്ടെത്താനായി പുതിയ കരാര്‍

ക്വാലാലംപൂര്‍: കാണാതായ മലേസ്യന്‍ എയര്‍ലൈന്‍ വിമാനം എംഎച്ച് 370 കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ നടത്തുന്നതിനായി മലേസ്യ സ്വകാര്യ കമ്പനിയുമായി കരാര്‍ ഒപ്പിട്ടു. യുഎസിലെ ഓഷ്യന്‍ ഇന്‍ഫിനിറ്റി കമ്പനിയുമായാണ് അധികൃതര്‍ ധാരണയിലെത്തിയിരിക്കുന്നത്. 70 ദശലക്ഷം ഡോളറിനാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. വിമാനം കണ്ടെത്തിയതിന് ശേഷം പ്രതിഫലം നല്‍കുകയെന്നാണ് കമ്പനിയുമായുള്ള ധാരണയെന്ന് മലേസ്യന്‍ ഗതാഗതമന്ത്രി ലയോവ് ത്യേങ് അറിയിച്ചു.
ക്വാലാലംപൂരില്‍ നിന്നും ബെയ്ജിങിലേക്കുള്ള യാത്രയ്ക്കിടെ 2014 മാര്‍ച്ച് എട്ടിനാണ് 239 യാത്രക്കാരുമായി വിമാനം അപ്രത്യക്ഷമായത്. ഏറെ ദുരൂഹതകളുയര്‍ത്തിയ സംഭവത്തില്‍ വിമാനത്തിനായുള്ള തിരച്ചില്‍ കഴിഞ്ഞവര്‍ഷം ജനുവരിയില്‍ അവസാനിപ്പിച്ചിരുന്നു.
ഇതു കാണാതായവരുടെ കുടുംബത്തില്‍ നിന്നു വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. വിമാനം കണ്ടെത്തുന്നതിനായി വിദേശ ഏജന്‍സികളുടെ സഹായത്തോടെ ശ്രമം നടത്തിയിരുന്നു. വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണതായി മലേസ്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കായി ഇന്ത്യന്‍മഹാസമുദ്രത്തില്‍ 1,20,000 സ്‌ക്വയര്‍ കിലോമീറ്ററില്‍ തിരച്ചില്‍ നടത്തിയിരുന്നു. ഇതിനായി 200 ദശലക്ഷം ഡോളറാണ് മലേസ്യ ചെലവിട്ടത്. എന്നാല്‍ വിമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണു കണ്ടെത്താന്‍ കഴിഞ്ഞത്.
Next Story

RELATED STORIES

Share it