കാട്ടുതീ തടയാന്‍ നല്‍കിയ ഫണ്ടില്‍ അഴിമതി

തിരുവനന്തപുരം: കാട്ടുതീ തടയുന്നതിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ വന്‍ അഴിമതിയെന്ന് കണ്ടെത്തല്‍. 2014 മുതല്‍ 2017 വരെ മൂന്നാര്‍ വൈല്‍ഡ് ലൈഫ് ഡിവിഷനിലാണ് പണം ചെലവഴിക്കുന്നതില്‍ വന്‍ ക്രമക്കേടുണ്ടായത്. വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റേതാണ് റിപോര്‍ട്ട്.
കാട്ടുതീ പടര്‍ന്ന് സസ്യ, ജന്തുജാലങ്ങള്‍ക്ക് വന്‍ നാശം സംഭവിക്കാതിരിക്കാനാണ് വര്‍ഷംതോറും വേനല്‍ക്കാലത്തിന് മുമ്പ് വനാതിര്‍ത്തികളില്‍ കാട്‌നീക്കം ചെയ്ത് ഫയര്‍ ലൈന്‍ ബൗണ്ടറികള്‍ സ്ഥാപിക്കുന്നത്. കുരങ്ങണിയില്‍ വന്‍ ദുരന്തമുണ്ടായത് പോലുള്ള അപകടങ്ങള്‍ സാധ്യമാവുന്ന തരത്തില്‍ ചെറുക്കുന്നതിനാണ് ഫയര്‍ ലൈന്‍ അതിരുകള്‍ തെളിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. റിപോര്‍ട്ട് വിജിലന്‍സ് വിഭാഗം വനംവകുപ്പിന് കൈമാറി. വിജിലന്‍സിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് തയ്യാറെടുക്കുകയാണ് വനംവകുപ്പ്.
ഫയര്‍ലൈന്‍ തെളിക്കുന്ന പ്രവൃത്തികള്‍ക്കായി അനുവദിച്ച ഫണ്ടില്‍ മൂന്നാര്‍ വനം ഡിവിഷനില്‍ മാത്രം വന്‍ തിരിമറി നടന്നുവെന്നാണ് വനംവകുപ്പ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മൂന്നാര്‍ വനം ഡിവിഷനിലെ ഷോലാ, ഇരവികുളം, ചിന്നാര്‍ എന്നീ മൂന്ന് റേഞ്ചുകളിലും അപാകതകളുണ്ട്. ഷോലാ നാഷനല്‍ പാര്‍ക്കില്‍ പണം വിനിയോഗിച്ചത്ര ട്രക്ക് പാത്തുകള്‍ കണ്ടെത്താന്‍ വിജിലന്‍സിന് കഴിഞ്ഞില്ല. വെറും 12 കീമി സ്‌ക്വയര്‍ വിസ്തൃതിയുള്ള മതികെട്ടാന്‍ ഷോലയില്‍ 21 കീ.മീ ട്രക്ക് പാത്തും 66 കീ.മീ ഫയര്‍ലൈനും ചെയ്തിട്ടുണ്ട്.
എന്നാല്‍, ബില്ല് രജിസ്റ്റര്‍, വര്‍ക്ക് രജിസ്റ്റര്‍ എന്നിവയില്‍ ജോലിയുടെ കൃത്യമായ രേഖകളുമില്ല. ഷോലാ റേഞ്ചില്‍ ലഭിച്ച ഫണ്ട് ശാസ്ത്രീയ മാനദണ്ഡമില്ലാതെ ചെലവാക്കിയെന്നും വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഈ റേഞ്ചിലെ തന്നെ പാമ്പാടുംചോല, ആനമുടി നാഷനല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ 2014 മുതല്‍ 2017 വരെയുള്ള വര്‍ഷങ്ങളിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്്.
Next Story

RELATED STORIES

Share it