wayanad local

കാട്ടാനയുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ മരിച്ച സംഭവം: മേങ്കോറഞ്ചില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ഗൂഡല്ലൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടംതൊഴിലാളികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മേങ്കോറഞ്ചില്‍ ഗൂഡല്ലൂര്‍-വൈത്തിരി അന്തര്‍സംസ്ഥാന പാത ഉപരോധിച്ചു. വ്യാഴാഴ്ച രാത്രി 10 മുതല്‍ ഒരു മണി വരെയായിരുന്നു ഉപരോധം. മേങ്കോറഞ്ചിലെ സ്വകാര്യ എസ്‌റ്റേറ്റ് തൊഴിലാളികളായ മണിശേഖര്‍ (46), കര്‍ണന്‍ (45) എന്നിവരെയാണ് കാട്ടാന ചവിട്ടിക്കൊന്നത്.
വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. രണ്ടിടങ്ങളിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണിശേഖറിനെ മേങ്കോറഞ്ച് ഫാക്ടറിക്കടുത്ത കടയില്‍ നിന്നു സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് നടന്നുപോവുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. എസ്‌റ്റേറ്റ് ബംഗ്ലാവിലെ പാറാവുകാരനായ കര്‍ണന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരുന്നതിനിടെയായിരുന്നു കാട്ടാനയുടെ ആക്രമണം.
ഇന്നലെ രാവിലെ തേയിലത്തോട്ടത്തിലാണ് ഇയാളുടെ മൃതദേഹം തൊഴിലാളികള്‍ കണ്ടത്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകള്‍ മേങ്കോറഞ്ചില്‍ തടിച്ചുകൂടി. സര്‍ക്കാരിനും വനംവകുപ്പിനുമെതിരേ പ്രതിഷേധം ശക്തമാണ്. കൊലകൊമ്പന്‍ മാസങ്ങളായി ഇവിടെ നരനായാട്ടു നടത്തിവരികയാണ്.
നാലു പേരെ കാട്ടുകൊമ്പന്‍ ഇതിനകം കൊലപ്പെടുത്തി. ജനങ്ങള്‍ ഭീതിയോടെയാണ് കഴിഞ്ഞുകൂടുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുക, കാട്ടുകൊമ്പനെ വെടിവച്ചു കൊല്ലുക, ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലിയും വീടും നല്‍കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, കാട്ടാനശല്യത്തിന് ശാശ്വതപരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു റോഡ് ഉപരോധം. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ പന്തല്ലൂരിലും പരിസരപ്രദേശങ്ങളിലും വ്യാപാരികള്‍ ഹര്‍ത്താലാചരിച്ചു. പ്രദേശത്ത് കനത്ത പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവരമറിഞ്ഞ് എഡിഎസ്പി അശോക്കുമാര്‍, ഡിവൈഎസ്പിമാരായ ശ്രീനിവാസലു, തിരുമേനി, ആര്‍ഡിഒ വെങ്കിടാചലം, തഹസില്‍ദാര്‍ ലോകനാഥന്‍, ഡിഎഫ്ഒ തേജസ്വി, ഇന്‍സ്‌പെക്ടര്‍ ഓംപ്രകാശ് സംഭവസ്ഥലം സന്ദര്‍ശിച്ചു.
പ്രതിഷേധത്തിനൊടുവില്‍ രാത്രി ഒരുമണിയോടെയാണ് മൃതദേഹം ഗൂഡല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളില്‍ നാലു മാസത്തിനിടെ ഏഴു പേരാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it