Kottayam Local

കാട്ടാനകള്‍ ഭീതിപരത്തി കൃഷിയിടങ്ങള്‍ നശിപ്പിച്ചു



എരുമേലി: അര്‍ധരാത്രിയില്‍ ചിന്നംവിളിച്ച് കാട്ടാനകള്‍ കൃഷിയിടങ്ങള്‍ നശിപ്പിച്ചു. എരുമേലിക്കടുത്ത് മഞ്ഞളരുവി പാക്കാനം റോഡിനു സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണു സംഭവം. വാലുമണ്ണില്‍ ബാബുവിന്റെ വീടാണു ആനകള്‍ വളഞ്ഞു ഭീതി സൃഷ്ടിച്ചത്. ആനകള്‍ പറമ്പിലെ കൃഷികള്‍ ചവിട്ടിമെതിച്ച് ഒരു മണിക്കൂറോളം പരാക്രമം നടത്തി. ഈ സമയം ഭയന്നു വിറച്ച് ബാബുവും കുടുംബവും വീടിനുള്ളില്‍ കഴിഞ്ഞു. പറമ്പിലെ 100ഓളം വാഴകള്‍ നശിപ്പിച്ചു .കൊമ്പുകൊണ്ട് കുത്തി തെങ്ങ് മറിച്ചിടാന്‍ ശ്രമിച്ചതിന്റെ പാടുകളുണ്ട്. ഇവിടെ വനപാത ആരംഭിക്കുന്നിടത്ത് വീടുകളിലും കൃഷിയിടങ്ങളിലും വനത്തില്‍ നിന്ന് ആനകളെത്തുന്നത് പതിവായിരിക്കുകയാണ്. ആനകള്‍ കടക്കാതിരിക്കാന്‍ പറമ്പില്‍ ഒരാള്‍ പൊക്കത്തില്‍ കമ്പി വലിച്ചുകെട്ടിയിരുന്നു. എന്നാല്‍ ഇതു മറികടന്നാണ് ആനകളെത്തുന്നത്. അഴകത്ത് ഔസേപ്പച്ചന്‍, പന്തിരുവേലില്‍ മാമ്മച്ചന്‍ എന്നിവരുടെ കൃഷികള്‍ കഴിഞ്ഞ ദിവസം ആനകള്‍ നശിപ്പിച്ചിരുന്നു. ആനകളും പന്നികളും കാട്ടുപോത്തുകളും കൃഷികള്‍ നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് വനംവകുപ്പ് നടപടികള്‍ സ്വീകരിക്കാത്തത് പ്രതിഷേധം സൃഷ്ടിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it