malappuram local

കാടാമ്പുഴ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവളം : മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്ന സംഘം ക്ഷേത്രം സന്ദര്‍ശിച്ചു



പുത്തനത്താണി: കാടാമ്പുഴ ക്ഷേത്രത്തില്‍ ശബരിമല ഇടത്താവളം നിര്‍മിക്കുന്നതിനുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുന്നതിനായി തിരുവനന്തപുരത്ത് നിന്നെത്തിയ സംഘം ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ഇന്നലെ കാടാമ്പുഴ ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇടത്താവളമൊരുക്കുന്നതിന്റെ ആവശ്യകത ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ തൃക്കാര്‍ത്തിക ആഘോഷത്തിനെത്തിയ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും കഴിഞ്ഞ ബജറ്റില്‍ ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കാടാമ്പുഴ ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇക്കാര്യം ആവശ്യപ്പെട്ട് സര്‍ക്കാരിന് നിവേദനം നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള 38 കേന്ദ്രങ്ങള്‍ ഇടത്താവളമായി പ്രഖ്യാപിച്ചതില്‍ കാടാമ്പുഴ ക്ഷേത്രത്തെയും ഉള്‍പ്പെടുത്തുകയായിരുന്നു. സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനത്തിലുള്ള ഈ കേന്ദ്രങ്ങള്‍ക്കായി 200 കോടി രൂപയുടെ പദ്ധതി കിഫ്ബി വഴിയാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. 400 തീര്‍ത്ഥാടകര്‍ക്ക് വിരിവയ്ക്കാനുള്ള സൗകര്യം, 200 പേര്‍ക്കുള്ള ഡോര്‍മെറ്ററികള്‍, ഇതരസംസ്ഥാന തീര്‍ത്ഥാടകര്‍ക്കനുയോജ്യമായ ഭക്ഷണശാലകള്‍, 120 ശൗചാലയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കുക. ശബരിമല ൈഹപ്പവര്‍ കമ്മിറ്റി കണ്‍സല്‍ട്ടന്റ് വൈശാഖ്, മലബാര്‍ ദേവസ്വം ബോര്‍ഡ് കണ്‍സല്‍ട്ടന്റ് കൃഷ്ണന്‍ എന്നിവരാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയത്. ദേവസ്വം എക്‌സിക്യുട്ടീവ് ഓഫിസര്‍ ബിജു, കെ പി സുരേന്ദ്രന്‍, ഒ കെ സുബൈര്‍, കെ പി നാരായണന്‍, അപ്പു വാരിയര്‍, ദേവസ്വം എന്‍ജിനീയര്‍ വിജയകൃഷ്ണന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it