Kottayam Local

കാഞ്ഞിരപ്പള്ളിയില്‍ കരാര്‍ ജോലികള്‍ മുടങ്ങി; 55 ലക്ഷം ലാപ്‌സായേക്കും

കാഞ്ഞിരപ്പള്ളി: പഞ്ചായത്തിലെ കരാറുകാരും വാര്‍ക്ക തൊഴിലാളികളും തമ്മിലുള്ള കൂലിത്തര്‍ക്കം മൂലം ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന 15ഓളം കരാര്‍ ജോലികളുടെ നിര്‍മാണം മുടങ്ങി.
ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നവംബര്‍ 28ന് കരാര്‍ നല്‍കിരിക്കുന്ന പണികള്‍ ഈ മാസം 20നു മുമ്പ് പൂര്‍ത്തീകരിച്ചില്ലെങ്കില്‍ ലോകബാങ്ക് ധനസഹായമായി ലഭിച്ച 55 ലക്ഷം രൂപ ലാപ്‌സായി പോവുന്ന സ്ഥിതിയാണ്. മുന്നു മീറ്റര്‍ വീതിയില്‍ ഒരു മീറ്റര്‍ ഭാഗം റോഡ് കോണ്‍ക്രീറ്റ് ചെയ്യുന്നതിനു 480 രുപയാണ് യൂനിയന്‍ തൊഴിലാളികള്‍ക്ക് നല്‍കി വരുന്നതുക. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ നിബന്ധനകള്‍ അനുസരിച്ച് ഈ തുകയ്ക്ക് കോണ്‍ക്രീറ്റ് ജോലികള്‍ നടത്തിയാല്‍ തങ്ങള്‍ക്ക് നഷ്ടമുണ്ടാവുമെന്നാണ് കരാറുകാര്‍ പറയുന്നത്. എന്നാല്‍ പൊതുമരാമത്ത് ജോലികളുടെ കൂലിയിലാണ് അഭിപ്രായ ഭിന്നതയുള്ളതെന്നും രണ്ടു ദിവസത്തിനുള്ളില്‍ പണികള്‍ നടത്താന്‍ തയ്യാറാണെന്നും യൂനിയന്‍ ഭാരവാഹികള്‍ പറയുന്നു.
പഞ്ചായത്തിലെ കത്തീഡ്രല്‍പടി-കോവില്‍ക്കടവ് റോഡ്, ആലുംപരപ്പ്-മുക്കാലി റോഡ്, കുറുവാമുഴി-കളരിക്കല്‍ റോഡ്, ഇളങ്കാവ്-ചിറ്റടിപ്പടി റോഡ്, ആണ്ടൂര്‍പടി-വേട്ടോന്‍കുന്ന് കുടപ്പനക്കുഴി റോഡ്, നാലാംമൈല്‍-വടവുകുളം റോഡ്, മോതീന്‍പ്പറമ്പ്-പട്ടിമറ്റം റോഡ്, സംഗീതപ്പടി-കുറുങ്കണ്ണി റോഡ്, തൊണ്ടുവേലി-തോട്ടുവാ കോളനി റോഡ്, പോസ്റ്റ് ഓഫിസ് പടി-പനച്ചേപ്പള്ളി റോഡ്, പാറക്കടവ് പേട്ട-സ്‌കൂള്‍പടി റോഡ്, പി ആന്‍ഡ് ടി ക്വാര്‍ട്ടേഴ്‌സ് റോഡ്, അഞ്ചിലിപ്പ-നെടുങ്ങാട് റോഡ്, കൊടുവന്താനംപള്ളി-മുകളുപറമ്പ് എന്നീ റോഡുകളില്‍ കോണ്‍ക്രീറ്റ് ചെയ്യാനും ജവാന്‍പടി മിനിയില്‍ റോഡില്‍ ഓടയ്ക്കു സ്ലാബ് നിര്‍മിക്കാനുമായി 55.62 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇത്രയും പണികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനി 16 ദിവസം മാത്രമാണുള്ളത്. പഞ്ചായത്തിലെ ടൗണിനോട് ചേര്‍ന്നു കിടക്കുന്ന എട്ടാം വാര്‍ഡിലെ പേട്ട വാര്‍ഡ് കെഎംഎ പാറക്കടവ് റോഡുകള്‍ നിര്‍മാണം കഴിഞ്ഞ് മാസങ്ങള്‍കഴിയും മുമ്പേ തകര്‍ന്ന് കുണ്ടും കുഴിയുമായി റോഡുകള്‍ അപകടക്കെണിയായിട്ട് മാസങ്ങളാവുന്നു. ഇതിനെതിരേ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
സിപിഎം ഭരിക്കുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കരാറുകാരും സിഐടിയു യൂനിയനില്‍പെട്ട വാര്‍ക്കതൊഴിലാളികളും തമ്മിലുള്ള കൂലിത്തര്‍ക്കം പരിഹരിച്ച് റോഡുകളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it