wayanad local

കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി വിട്ടുകൊടുക്കണം: സമരസഹായ സമിതി



കല്‍പ്പറ്റ: വനംവകുപ്പ് തെറ്റായി പിടിച്ചെടുത്ത ഭൂമി കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു വിട്ടുകൊടുക്കാന്‍ മന്ത്രിസഭ ഉടന്‍ തീരുമാനമെടുക്കണമെന്നു കാഞ്ഞിരത്തിനാല്‍ സമരസഹായ സമിതി കണ്‍വീനര്‍ പി പി ഷൈജല്‍, ഖജാഞ്ചി ജോസഫ് വളവനാല്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ 2016 ഡിസംബര്‍ ഏഴിനു പുറപ്പെടുവിച്ച വിധി പുനപ്പരിശോധിക്കുന്നതിനു സമര്‍പ്പിച്ച ഹരജി പരിഗണിക്കവെ, ഹൈക്കോടതിയില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു പൂര്‍ണമായി അനുകൂലമായ നിലപാട്  സര്‍ക്കാര്‍ സ്വീകരിച്ചെന്നാണ് സി കെ ശശീന്ദ്രന്‍ എംഎല്‍എ കഴിഞ്ഞ ദിവസം പത്രക്കുറിപ്പില്‍ അറിയിച്ചത്. പുനപ്പരിശോധനാ ഹരജി സ്വീകരിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ച സാഹചര്യത്തിലായിരുന്നു എംഎല്‍എയുടെ പ്രസ്താവന. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് അഡീഷനല്‍ എജി രഞ്ജിത് തമ്പാന്‍ നേരിട്ട് ഹാജരായി ഹരജിക്കാര്‍ക്ക് അനുകൂലമായാണ് വാദിച്ചത്. ഈ ഭൂമി വനഭൂമിയല്ലെന്നും കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റേതാണെന്നും അഡീഷനല്‍ എജി കോടതിയെ ബോധിപ്പിച്ചിരുന്നു. നേരത്തെയുള്ള വിജിലന്‍സ് റിപോര്‍ട്ടും ഏറ്റവുമൊടുവില്‍ റവന്യൂ വകുപ്പ് തയ്യാറാക്കിയ റിപോര്‍ട്ടും ഭൂമി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്റേതാണെന്നു വ്യക്തമാക്കുന്നതാണ്. ഈ റിപോര്‍ട്ടുകളും മറ്റു രേഖകളും അഡീഷനല്‍ എജി ഹാജരാക്കിയിരുന്നു. സര്‍ക്കാര്‍ ഏറ്റവും ശക്തമായ തെളിവുകളോടെ നിലകൊണ്ടിട്ടും ഹരജി തള്ളിയത് നിരാശാജനകമാണ്. ഭൂമിയുടെ ഉടമാകാശം സംബന്ധിച്ച് ഫോറസ്റ്റ് ട്രൈബ്യൂണല്‍ വിധി മാത്രമേ പരിഗണിക്കേണ്ടതുള്ളൂ എന്ന ഹൈക്കോടതി നിലപാട് ശരിയായില്ല. എന്നിങ്ങനെ നീളുന്നതായിരുന്നു എംഎല്‍എയുടെ പ്രസ്താവന. ഇതില്‍ പതിരില്ലെങ്കില്‍ കാഞ്ഞിരത്തിനാല്‍ കുടുംബത്തിനു ഭൂമി തിരികെ കിട്ടുന്നതിനു മന്ത്രിസഭാതീരുമാനം മാത്രമാണ് ആവശ്യം. കാബിനറ്റ് തീരുമാനം വൈകാതെ ഉണ്ടാവുന്നതിനു സി കെ ശശീന്ദ്രന്‍ ഉള്‍പ്പെടെ ജില്ലയില്‍ നിന്നുള്ള എംഎല്‍എമാര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it