Flash News

കാക്കിക്കുള്ളിലെ നന്‍മ പ്രതിഫലിപ്പിച്ച് ഡോ. ഭൂഷണ്‍ ഉപാധ്യായ



മുഹമ്മദ് പടന്ന

മുംബൈ: നഗരത്തില്‍ ക്രിമിനല്‍ കേസില്‍ അകപ്പെടുന്ന പലരും മഹാരാഷ്ട്ര പോലിസിന്റെ നിരന്തര പീഡനങ്ങള്‍ക്ക് ഇരയാവുന്ന ഇക്കാലത്ത് കാക്കിക്കുള്ളിലും ഉറവ വറ്റാത്ത നന്‍മയുടെ പ്രകാശകിരണങ്ങള്‍ ജ്വലിക്കുന്നുണ്ടെന്ന് തെളിയിക്കുകയാണ് മഹാരാഷ്ട്ര ജയില്‍ ഡിജിയായ ഡോ. ഭൂഷണ്‍ ഉപാധ്യായ. സാമ്പത്തികമായി തകര്‍ന്നതുമൂലം നിയമസഹായവും മറ്റും ലഭിക്കാന്‍ കഷ്ടപ്പെടുന്ന തടവുകാര്‍ക്ക് നിയമപരമായ സഹായങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ ‘ടാറ്റ’ ട്രസ്റ്റുമായി ആറ് കോടിയുടെ കരാര്‍ ഒപ്പിട്ടിരിക്കുകയാണ് അദ്ദേഹം. മഹാരാഷ്ട്രയില്‍ തീവ്രവാദ കേസുകളിലും മറ്റും പെട്ട് നിരവധി നിരപരാധികളാണ് നരകയാതന അനുഭവിക്കുന്നത്. പണമില്ലാത്തതുകൊണ്ട് മാത്രം ജാമ്യം എടുക്കാനാവാത്ത നിരവധി പേര്‍ ഇവിടെയുണ്ട്. ഇവര്‍ക്കൊക്കെ ആശ്വാസകരമാവുന്ന തരത്തിലാണ് ഇദ്ദേഹത്തിന്റെ നടപടി. രാജ്യത്തുതന്നെ ആദ്യമായാണ് ഇത്തരം സംരംഭം എന്ന് കരുതപ്പെടുന്നു. മൂന്ന് കൊല്ലത്തേക്കുള്ള കരാറില്‍ മഹാരാഷ്ട്രയിലെ നാഗ്പൂര്‍, യര്‍വാദ, ഔറംഗാബാദ്, നാസിക് തുടങ്ങിയ ജയിലുകളില്‍ ആദ്യപടിയായി പദ്ധതി നടപ്പില്‍ വരുത്തും. ഇതിനായി ഒരു കോ-ഓഡിനേറ്ററെയും സൂപ്പര്‍വൈസറെയും നിയമിച്ചിട്ടുണ്ട്. സേവനം ലഭ്യമാക്കാന്‍ സാമൂഹികപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. 4000 മുതല്‍ 50,000 വരെയാണ് ഇവര്‍ക്ക് വേതനം. കുറ്റവാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവരുടെ പരാധീനതകള്‍ കേള്‍ക്കാനും അനന്തരനടപടികള്‍ കൈക്കൊള്ളുവാനും ഇതുമായി ബന്ധപ്പെട്ടവര്‍ ശ്രമിക്കും. ഭാവിയില്‍ മറ്റു ജില്ലകളിലേക്കും ഇത്തരം പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറയുകയുണ്ടായി. നിരവധി ഭാഷകളില്‍ ഖുര്‍ആനെക്കുറിച്ച് പഠിക്കുകയും നിരവധി ഇസ്‌ലാമിക വേദികളില്‍ മുഹമ്മദ് നബിയുടെ ചര്യകള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഭൂഷണ്‍കുമാര്‍ ഉപാധ്യായ ഡോക്ടര്‍ കൂടിയാണ്. അദ്ദേഹത്തിന്റെ നന്‍മയിലൂന്നിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യയിലൂടനീളം അഭിനന്ദനങ്ങള്‍ ലഭിച്ചുപോരുന്നു. ഒട്ടേറെ മേഖലകളില്‍ സേവനമനുഷ്ഠിച്ച അദ്ദേഹം സോലാപൂര്‍ കമ്മീഷണറായിരിക്കെ നടത്തിയ ഒരു ഇസ്‌ലാമികപ്രഭാഷണം യുടൂബില്‍ വൈറലായിരുന്നു. ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുന്നത്.
Next Story

RELATED STORIES

Share it