Flash News

കാംപസുകളിലെ വിദ്യാവീരത അഭിയാന്‍ പദ്ധതി : ദേശസ്‌നേഹത്തിന്റെ മറവില്‍ സംഘപരിവാര അജണ്ട നടപ്പിലാക്കുന്നു



എ പി വിനോദ്

കാഞ്ഞങ്ങാട്: രാജ്യത്തെ കാംപസുകളില്‍ സംഘപരിവാരത്തിന് വേദിയുറപ്പിക്കാന്‍ ദേശസ്‌നേഹം മറയാക്കുന്നു. രാജ്യത്തെ ആയിരത്തോളം കാംപസുകളില്‍ പരമവീര ചക്രം ലഭിച്ച 21ഓളം സൈനികരുടെ ചത്രം പ്രദര്‍ശിപ്പിക്കുന്നു. വിദ്യാവീരത അഭിയാന്‍ എന്ന പേരിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. നായകരുടെ ഭിത്തി എന്ന പേരില്‍ ജവാന്‍മാരുടെ ചിത്രം അനാച്ഛാദനം ചെയ്യാന്‍ നിയോഗിച്ചതിലേറെയും ആര്‍എസ്എസ്, ബിജെപി നേതാക്കളാണ്. ഇന്നലെ കേന്ദ്ര സര്‍വകലാശാല പെരിയ തേജസ്വിനി കാംപസില്‍ നടന്ന ഛായാചിത്ര അനാച്ഛാദന ചടങ്ങില്‍ മുഖ്യാതിഥിയായി സംബന്ധിച്ചത്  രാജ്യ€സഭാ മുന്‍ എംപിയും ആര്‍എസ്എസ് നേതാവുമായ തരുണ്‍ വിജയ് ആണ്. സംഘപരിവാര നേതൃത്വത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്റെ ഡയറക്ടര്‍ ആണ്  ഇദ്ദേഹം. അല്‍ജസീറ ടിവി ചര്‍ച്ചയില്‍ ഇന്ത്യയിലെ കറുത്തവരായ ദക്ഷിണേന്ത്യക്കാരോടൊപ്പം ഞങ്ങള്‍ സഹകരിച്ച് ജീവിക്കുന്നില്ലേ എന്ന്  ഇദ്ദേഹം പറഞ്ഞത് ഏറെ വിവാദമായിരുന്നു. നേരത്തേ അറിയിപ്പൊന്നുമില്ലാതെയാണ് കേന്ദ്ര സര്‍വകലാശാല അധികൃതര്‍ ഫോട്ടോ അനാച്ഛാദന ചടങ്ങ് സംഘടിപ്പിച്ചത്. ഇദ്ദേഹം ഇപ്പോഴും എംപി ആണെന്നാണ് മാധ്യമപ്രവര്‍ത്തകരെ ഉള്‍പ്പെടെ അറിയിച്ചത്. എന്നാല്‍, 2016 ജൂലൈയില്‍ ഇദ്ദേഹത്തിന്റെ കാലാവധി അവസാനിച്ചുവെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയെങ്കിലും ഇത് തിരുത്താന്‍ പോലും കേന്ദ്ര സര്‍വകലാശാലാ അധികൃതര്‍ തയ്യാറായിട്ടില്ല. സര്‍വകലാശാലയിലെ താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ നിയമനങ്ങള്‍ തീരുമാനിക്കുന്നത് ബിജെപി, ആര്‍എസ്എസ് നേതൃത്വമാണ്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് സംഘപരിവാരം നിയമനങ്ങള്‍ നടത്തുന്നത്. ദേശസ്‌നേഹത്തെക്കുറിച്ച് പറയാന്‍ ബിജെപിക്കോ ആര്‍എസ്എസിനോ യാതൊരു അര്‍ഹതയുമില്ലെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത പാരമ്പര്യമാണ് ഇവര്‍ക്കുള്ളതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ബിജെപി പ്രചരിപ്പിക്കുന്നത് തീവ്ര ദേശീയതയാണെന്നും 30കളില്‍ യൂറോപ്പില്‍ ഉണ്ടാക്കിയതും ഫാഷിസം വളരാന്‍ കളമൊരുക്കിയതും ഇത്തരം ദേശീയതയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it