കസ്റ്റഡി മരണം: മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി

തൃശൂര്‍: തൃശൂര്‍ സ്വദേശികളായ ആയിഷ, നാരായണന്‍ നായര്‍, സാറാമ്മ എന്നിവര്‍ യഥാക്രമം വനിതാ ജയിലിലും തൃശൂര്‍ സെന്‍ട്രല്‍ ജയിലിലും മാനസികാരോഗ്യാശുപത്രിയിലും കസ്റ്റഡിയില്‍ മരിച്ചെന്ന പരാതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്ഡിവിഷനല്‍ മജിസ്‌ട്രേറ്റിനോട് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ റസ്റ്റ് ഹൗസില്‍ വച്ച് നടന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിങില്‍ കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആണ് കമ്മീഷന്‍ മുമ്പാകെ റിപോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. 55 പരാതികളാണ് കമ്മീഷന്‍ സിറ്റിങില്‍ വന്നത്. ഇതില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. സ്വാശ്രയ കുടിവെള്ള പദ്ധതിയില്‍ കണക്ഷന്‍ ലഭ്യമാക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു. ഇതില്‍ റിപോര്‍ട്ട് നല്‍കാന്‍ ജില്ലാ കലക്ടറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. റേഷന്‍ കടകളിലെ ഇ-പോസ് മെഷീന്‍ വൃദ്ധര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ഉപയോഗിക്കാന്‍ ആവശ്യമായ എന്തു നടപടി എടുത്തുവെന്ന റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ സിവില്‍ സപ്ലൈ ഓഫിസര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. കുമ്പിടി ലിറ്റില്‍ ഫഌവര്‍ മതപാഠശാലയില്‍ നിന്നും വിനോദയാത്രപോയ വിദ്യാര്‍ഥിനി മുങ്ങി മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന പരാതിയില്‍ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ റൂറല്‍ എസ്പിയോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. തൃശൂര്‍ സഹകരണ ആശുപത്രി മുന്‍ ജീവനക്കാരിയോട് ഓഡിറ്റിങിനു വന്ന ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ തൃശൂര്‍ സിറ്റി പോലിസ് കമ്മീഷണറോട് മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി.
Next Story

RELATED STORIES

Share it