കസ്റ്റഡിയിലെടുക്കുന്നവരെ മൂന്നാം മുറയ്ക്ക് വിധേയമാക്കരുത്

തിരുവനന്തപുരം: സ്‌റ്റേഷനി ല്‍ കസ്റ്റഡിയിലെടുക്കുന്നവരെ മൂന്നാം മുറയ്ക്കു വിധേയമാക്കരുതെന്നു സര്‍ക്കുലര്‍. പോലിസ് സേനയെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റ എസ്പിമാര്‍ക്കു സര്‍ക്കുലര്‍ അയച്ചത്. കേസന്വേഷണത്തില്‍ മൂന്നാംമുറ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതി രേയും ജനങ്ങളോട് മോശമായി പെരുമാറുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
പോലിസ് സ്‌റ്റേഷനുകളിലെ അഴിമതി ഒഴിവാക്കാന്‍ എസ്പിമാര്‍ രഹസ്യ പരിശോധന നടത്തി വിവരങ്ങള്‍ ശേഖരിക്കണം. ജില്ലയിലെ എല്ലാ പോലിസ് സ്‌റ്റേഷനുകളുടെയും പ്രവര്‍ത്തനം എസ്പി നേരിട്ട് നിരീക്ഷിക്കണം. എസ്‌ഐമാര്‍ക്ക് ചുമതലയുള്ള സ്‌റ്റേഷനുകളിലെ പ്രധാന കേസുകള്‍ ഡിവൈഎസ്പിമാര്‍ പരിശോധിക്കണം. പ്രധാനപ്പെട്ട കേസുകളുടെ വിവരങ്ങള്‍ എസ്പിമാരെ കൃത്യമായി അറിയിക്കണം. വിവരങ്ങള്‍ യഥാസമയം അറിയിക്കാത്ത ഡിവൈഎസ്പിരുടെ വിവരം എസ്പിമാര്‍ പോലിസ് മേധാവിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.
പൊതുജനങ്ങള്‍ക്ക് വ്യക്തമാവുന്ന വിധം മൂന്നു പോസ്റ്ററുകള്‍ എല്ലാ പോലിസ് സ്‌റ്റേഷനിലും പതിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പരാതി നല്‍കേണ്ട പ്രധാന നമ്പറുകളും ഉയര്‍ന്ന പോലിസ് ഉദ്യോഗസ്ഥരുടെ നമ്പറും സ്‌റ്റേഷനുകളില്‍ വ്യക്തമായി പ്രദര്‍ശിപ്പിക്കണം. സ്‌റ്റേഷനിലെ ഹെല്‍പ് ഡെസ്‌കിന്റെ പ്രവര്‍ത്തനം അടിമുടി പരിഷ്‌കരിക്കണം.
നിലവില്‍ പരാതിയുമായി എത്തുന്ന പൊതുജനങ്ങള്‍ പോലിസ് നടപടിയില്‍ തൃപ്തരല്ല. യഥാര്‍ഥ പരാതികളുമായി സ്റ്റേഷനില്‍ കയറിയിറങ്ങുന്നവരുടെ പരാതിക്ക് പരിഹാരം കാണാന്‍ ഐജി, ഡിപിസി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ബാധ്യതയുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു.
Next Story

RELATED STORIES

Share it