Editorial

കസ്തൂരിരംഗന്‍ സമിതി : മെച്ചപ്പെടുമോ വിദ്യാഭ്യാസരംഗം?



ദേശീയ വിദ്യാഭ്യാസ നയത്തിന്റെ അവസാന കരടുരേഖ തയ്യാറാക്കുന്നതിന് പ്രമുഖ ശാസ്ത്രജ്ഞനായ കസ്തൂരിരംഗന്‍ ചെയര്‍മാനായി കേന്ദ്രസര്‍ക്കാര്‍ പുതിയൊരു സമിതിയെ നിയോഗിച്ചിരിക്കുകയാണ്. വിദ്യാഭ്യാസനയം സംബന്ധിച്ച് ഇതിനു മുമ്പ് സര്‍ക്കാരിനു ലഭിച്ച അഭിപ്രായങ്ങള്‍ സമാഹരിച്ച് ടി എസ് ആര്‍ സുബ്രഹ്മണ്യം തയ്യാറാക്കിയ റിപോര്‍ട്ടിന് മേലുള്ള അവസാന മിനുക്കുപണിക്കാണ് പുതിയ സമിതി.കണക്കുകള്‍ നോക്കുമ്പോള്‍, 26 കോടി കുഞ്ഞുങ്ങളെങ്കിലും രാജ്യത്ത് സ്‌കൂളില്‍ പോവുന്നുണ്ട്. പക്ഷേ, അവര്‍ക്കു വിദ്യാഭ്യാസം നല്‍കുന്നതില്‍ രാജ്യം പരാജയപ്പെടുകയായിരുന്നു. അതിമിടുക്കരായ ഭിഷഗ്വരന്‍മാരെയും സാങ്കേതിക വിദഗ്ധന്‍മാരെയും അന്യരാജ്യങ്ങളില്‍ പൗരന്‍മാരാവാന്‍ കയറ്റിയയക്കുന്ന നാട്ടില്‍ പത്തു വയസ്സുള്ള കുട്ടികളില്‍ പാതിക്കു പോലും എട്ടും ഒമ്പതും കൂട്ടിയാല്‍ എത്രയെന്നു പറയാന്‍ പറ്റില്ലെന്നാണ് ഒരു സര്‍വേയില്‍ വ്യക്തമായത്. ബഹുമിടുക്കന്‍മാരായ ചെറു ന്യൂനപക്ഷത്തിനു വലിയ സൗകര്യങ്ങള്‍ ചെയ്തുകൊടുത്തുകൊണ്ടിരുന്ന ഭരണകൂടങ്ങള്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തെ പറ്റെ അവഗണിക്കുകയായിരുന്നു. അതേസമയം, ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ സ്‌കൂളുകള്‍ക്കാണ് മുന്‍ഗണന നല്‍കിയത്. 2011-15 കാലത്ത് സ്‌കൂളുകള്‍ മെച്ചപ്പെടുത്തുന്നതിന് നീക്കിവച്ച തുകയില്‍ 80 ശതമാനം വര്‍ധനയുണ്ടായി. സൗജന്യ ഉച്ചഭക്ഷണം പല ദരിദ്ര സംസ്ഥാനങ്ങളിലും കൊഴിഞ്ഞുപോക്ക് ഗണ്യമായി കുറയ്ക്കുകയുണ്ടായി എന്നതും ശരിയാണ്. എന്നാല്‍, വിദ്യാഭ്യാസ നിലവാരം അതുകൊണ്ടു മാത്രം മെച്ചപ്പെടില്ല. സാമൂഹികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാത്ത, അതിപുരാതനമായ പാഠ്യപദ്ധതിയാണ് പല സംസ്ഥാനങ്ങളിലും നടപ്പിലുള്ളത്. ആരെയും തോല്‍പിക്കരുതെന്നും എല്ലാവര്‍ക്കും മാര്‍ക്ക് വാരിക്കോരി കൊടുക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ ഉള്ളതിനാല്‍ പഠനനിലവാരമെന്നത് ചുരുക്കം അധ്യാപകരെ മാത്രം ബാധിക്കുന്ന വിഷയമായി. കുത്തഴിഞ്ഞുകിടക്കുന്ന വിദ്യാഭ്യാസരംഗം പരിഷ്‌കരിക്കാന്‍ ശ്രമം നടത്തുന്നതിനു പകരം യുപിഎ ഗവണ്‍മെന്റ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന നയങ്ങളാണ് നടപ്പാക്കിയത്. മൊത്തം ആഭ്യന്തരോല്‍പാദനത്തിന്റെ 2.7 ശതമാനം മാത്രമാണ് ഇന്ത്യ വിദ്യാഭ്യാസത്തിനു ചെലവഴിക്കുന്നത്. അത് ആറുശതമാനമാക്കി ഉയര്‍ത്തുമെന്ന് പ്രഖ്യാപനമുണ്ടായിരുന്നുവെങ്കിലും എന്‍ഡിഎ ഭരണകൂടം അത് കടലാസില്‍ മാത്രമായി ഒതുക്കിയതായാണ് അനുഭവം. കിട്ടിയ അവസരം നോക്കി വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുന്നതിനാണ് കേന്ദ്ര ഭരണകൂടവും സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഗണപതിയുടെ തുമ്പിക്കൈ ജനിതക ശസ്ത്രക്രിയയാണെന്നും വേദഗണിതം ഉണ്ടെന്നുമൊക്കെ കരുതുന്ന വിദ്വാന്‍മാര്‍ മാനവശേഷി വികസന മന്ത്രാലയത്തില്‍ ഏറെയുണ്ട്. യോഗയ്ക്കും സംസ്‌കൃതത്തിനും വലിയ പ്രാധാന്യം നല്‍കണമെന്നും യുജിസി പിരിച്ചുവിടണമെന്നും ശുപാര്‍ശ ചെയ്തവരാണ് ടി എസ് ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സമിതി. പുതിയ സമിതിയുടെ നിര്‍ദേശങ്ങളും  വ്യത്യസ്തമാവുമെന്ന് കരുതിക്കൂടാ.
Next Story

RELATED STORIES

Share it