Idukki local

കസ്തൂരിരംഗന്‍, പട്ടയപ്രശ്‌നങ്ങളിലെ ജനഹിത പരിശോധനയെന്ന് എംപി

ചെറുതോണി: നിയമസഭാ തിരഞ്ഞെടുപ്പ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെയും പട്ടയപ്രശ്‌നത്തിലെയും ജനഹിത പരിശോധനയാണെന്ന് അഡ്വ. ജോയ്‌സ് ജോര്‍ജ് എംപി പറഞ്ഞു.
2010 മാര്‍ച്ച് 4ന് പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ മാധവ് ഗാഡ്ഗിലിനെ നിയമിച്ചതും പ്രസ്തുത റിപ്പോര്‍ട്ട് യുനെസ്‌കോയ്ക്ക് കൈമാറിയതും ലോകപൈതൃക മേഖലയായി പ്രഖ്യാപിക്കുന്നതിനുവേണ്ടി ശ്രമിച്ചതും അധികാരത്തിലിരുന്ന കോണ്‍ഗ്രസും യുപിഎ ഗവണ്‍മെന്റുമാണ്. 2013 നവംബര്‍ 13ന് പശ്ചിമഘട്ടത്തിലെ 4156 വില്ലേജുകള്‍ ഇഎസ്എ ആയി പ്രഖ്യാപിച്ചതും സുപ്രിം കോടതിക്ക് മുകളിലാണ് ഗ്രീന്‍ ട്രൈബ്യൂണലെന്ന് വാദിച്ചതും ഇനി ഇഎസ്എയില്‍ നിന്ന് രക്ഷയില്ലെന്ന് പറഞ്ഞതും യുപിഎ ഗവണ്‍മെന്റാണ്. ലോക്‌സഭാ ഇലക്ഷന് ശേഷം നടത്തിയ ശക്തമായ ഇടപെടലിന്റെ ഫലമായി ഗ്രീന്‍ ട്രൈബ്യൂണലിന്റെ പ്രസക്തി കുറയുകയും ഇഎസ്എ പ്രഖ്യാപനത്തെ താല്‍ക്കാലികമായി തടയുന്നതിനും മലയോര ജനതയ്ക്കു കഴിഞ്ഞു.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പറഞ്ഞ എന്‍ഡിഎ ഗവണ്‍മെന്റിനെകൊണ്ട് ഏകപക്ഷീയമായ തീരുമാനമെടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനും സംസ്ഥാന ഗവണ്‍മെന്റുമായി ആലോചിച്ച് മാത്രമെ തീരുമാനമുണ്ടാക്കുകയുള്ളൂവെന്നും പ്രഖ്യാപിക്കുന്നതിനും കഴിഞ്ഞു. സംസ്ഥാനങ്ങള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തി ല്‍ മാത്രമെ ഇഎസ്എ പ്രഖ്യാപനമുള്ളൂവെന്ന് സാഹചര്യമുണ്ടായപ്പോള്‍ മലയോര ജനതയെ അവഗണിക്കുന്ന നിലപാടാണ് യുഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ചത്. പ്രശ്‌നം പരിഹരിച്ചൂവെന്ന് ആവര്‍ത്തിച്ച് പറയുന്നവര്‍ ഗീബല്‍സ്യന്‍ തന്ത്രങ്ങള്‍ പയറ്റുകയാണ്.
പ്രശ്‌നപരിഹാരത്തിനുള്ള വഴി തേടാതെ തെറ്റുകള്‍ മൂടി വയ്ക്കുന്നതിനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നത്. യുഡിഎഫ് ഗവണ്‍മെന്റ് അധികാരത്തിലെത്തിയാല്‍ കൂടുതലൊന്നും സംഭവിക്കില്ലായെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു.
സംസ്ഥാന ഗവണ്‍മെന്റ് നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇഎസ്എ പ്രഖ്യാപിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന് ഇടുക്കിയിലെ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വരണം.ഇടുക്കിയിലെ ഭൂമി പ്രശ്‌നങ്ങളാകെ പരിഹരിക്കാനുള്ള അവസാനത്തെ അവസരമായി നമുക്ക് മുന്നിലുള്ളത് നാളത്തെ ദിവസം മാത്രമാണെന്നും എംപി പറഞ്ഞു.
Next Story

RELATED STORIES

Share it