കശ്മീരില്‍ പോലിസുകാരുടെ ഏഴ് ബന്ധുക്കളെ സായുധര്‍ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: തെക്കന്‍ കശ്മീരില്‍ പോലിസുകാരുടെ ഏഴ് ബന്ധുക്കളെ സായുധര്‍ തട്ടിക്കൊണ്ടുപോയി. ഉദ്യോഗസ്ഥരുടെ വീട്ടിലെത്തിയാണ് സായുധര്‍ കുടുംബാംഗങ്ങളെ തട്ടിക്കൊണ്ടുപോയതെന്ന് ദേശീയമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരമാണ് സംഭവം. മേഖലയിലെ നിരവധി പോലിസുകാരുടെ വീടുകളില്‍ സായുധര്‍ എത്തിയതായും റിപോര്‍ട്ടില്‍ പറയുന്നു.
പല്‍വാമ, അനന്തനാഗ്, കുല്‍ഗാം ജില്ലകളിലെ പോലിസുകാരുടെ ബന്ധുക്കളെയാണ് തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവരില്‍ ശ്രീനഗറിലെ ഒരു പോലിസുകാരന്റെ മകനും മറ്റൊരാളുടെ സഹോദരനും ഉള്‍പ്പെടുന്നു. ഇതില്‍ ഒരു കുടുംബം തങ്ങളുടെ മകനെ വിട്ടുതരണമെന്ന് അപേക്ഷിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലിസുകാരുടെ ബന്ധുക്കളെ സുരക്ഷിതരായി രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സായുധസംഘടനയുമായി ബന്ധമുള്ളവരെ പോലിസ് അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇവരുടെ വീടുകളില്‍ വ്യാപക റെയ്ഡും നടത്തിയിരുന്നു. ഇതിനെതിരേ സായുധസംഘടനകള്‍ നടത്തുന്ന സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമായാണ് ബന്ധുക്കളെ തട്ടിക്കൊണ്ടുപോയതെന്ന് പോലിസ് പറയുന്നു.
തട്ടിക്കൊണ്ടുപോയതിന്റെ ഉത്തരവാദിത്തം ഹിസ്ബുല്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നെയ്ക്കു ഏറ്റെടുത്തു. പോലിസ് കസ്റ്റഡിയിലുള്ള സായുധരുടെ എല്ലാബന്ധുക്കളെയും മൂന്നു ദിവസത്തിനകം വിട്ടയയ്ക്കണമെന്ന ഉപാധി നെയ്ക്കു മുന്നോട്ടു വച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച ഓഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പോലീസുകാരുടെ ബന്ധുക്കളില്‍ ഒരാളെ സായുധര്‍ വിട്ടയച്ചതായി പോലീസ് അറിയിച്ചു.കഴിഞ്ഞദിവസം പല്‍വാമ ജില്ലയില്‍ നിന്ന് ഇവര്‍ ഒരു പോലിസുകാരനെയും മകനെയും തട്ടിക്കൊണ്ടുപോയിരുന്നു. ഇയാളെ ചോദ്യംചെയ്യുകയും മര്‍ദിക്കുകയും ചെയ്ത ശേഷം വിട്ടയച്ചതായും പോലിസ് പറഞ്ഞു.



Next Story

RELATED STORIES

Share it