Flash News

കശ്മീരില്‍ ഇന്ത്യ മുസ്‌ലിംകളെ ന്യൂനപക്ഷമാക്കുന്നു : ഗുരുതര ആരോപണവുമായി പാകിസ്താന്‍ യുഎന്നില്‍



ഇസ്‌ലാമാബാദ്: ഇന്ത്യന്‍ ഭരണകൂടം ജമ്മുകശ്മീര്‍ ജനസംഖ്യയില്‍ മാറ്റമുണ്ടാക്കാന്‍ ശ്രമിക്കുന്നതായി യുഎന്നില്‍ പാകിസ്താന്‍. കശ്മീരിലെ ഭൂരിപക്ഷമായ മുസ്‌ലിംകളെ ന്യൂനപക്ഷമാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നാണ് യുഎന്നിന് അയച്ച കത്തില്‍ പാകിസ്താന്‍ കുറ്റപ്പെടുത്തിയത്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് ദിനപത്രമായ എക്‌സ്പ്രസ് ട്രിബ്യൂണാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.കശ്മീര്‍ വിഷയത്തില്‍ ഇടപെടല്‍ തേടിയാണ് പാകിസ്താന്‍ യുഎന്നിനെ സമീപിച്ചത്. വിരമിച്ച ഇന്ത്യന്‍ സൈനികര്‍ക്കും കശ്മീരികളല്ലാത്തവര്‍ക്കും കശ്മീരി പണ്ഡിറ്റുകള്‍ക്കും പടിഞ്ഞാറന്‍ പാകിസ്താനിലെ അഭയാര്‍ഥികള്‍ക്കും പ്രത്യേകം ടൗണ്‍ഷിപ്പുകള്‍ നിര്‍മിച്ചുനല്‍കുന്നുവെന്നും സ്ഥിരതാമസക്കാരല്ലാത്തവര്‍ക്ക് രേഖകള്‍ അനുവദിക്കുന്നുവെന്നും പാകിസ്താന്‍ ചൂണ്ടിക്കാട്ടുന്നു. പാക് പ്രധാനമന്ത്രി നവാസ് ശരീഫ്, വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് എന്നിവരാണ് ഇന്ത്യക്കെതിരേ ഗുരുതര ആരോപണമുയര്‍ത്തി കത്തയച്ചത്. യുഎന്നിലെ പാക് അംബാസഡര്‍ മലീഹ ലോധി വഴി കത്ത് യുഎന്‍ അണ്ടര്‍ സെക്രട്ടറിക്ക് കൈമാറുകയായിരുന്നുവെന്ന് പാക് ടിവി ചാനല്‍ ജിയോ ടിവി വ്യക്തമാക്കി. യുഎന്‍ രക്ഷാസമിതി പ്രമേയം നടപ്പാക്കിയില്ലെങ്കില്‍ ജമ്മുകശ്മീരില്‍ വന്‍ ദുരന്തമുണ്ടാവുമെന്നും പാകിസ്താന്‍ ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ യുഎന്‍ രക്ഷാസമിതി പ്രമേയം അടിയന്തരമായി നടപ്പാക്കുകയാണു വേണ്ടതെന്നും ജമ്മുകശ്മീരിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ദുരിതത്തിന് ഇങ്ങനെ മാത്രമേ അന്ത്യമാവുകയുള്ളൂവെന്നും പാകിസ്താന്‍ ചൂണ്ടിക്കാണിക്കുന്നു.
Next Story

RELATED STORIES

Share it