Flash News

കള്ളപ്പണത്തിനെതിരേ പ്രചാരണ യാത്ര നയിച്ചത് ഏരാച്ചേരി രാഗേഷ്‌



കൊടുങ്ങല്ലൂര്‍: കേരളത്തിലെ മുന്നണികള്‍ കള്ളപ്പണ മുന്നണികളാണെന്ന് പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി പ്രചാരണം നടത്തിയപ്പോള്‍, ശോഭ സുരേന്ദ്രന്‍ നയിച്ച ജാഥയ്ക്ക് 2017 ജനുവരി 11ന് മതിലകത്ത് സ്വീകരണം നല്‍കിയവരില്‍ പ്രധാനി ഇപ്പോള്‍ കള്ളനോട്ടടി കേസില്‍ പിടിയിലായ ബിജെപി നേതാവും യുവമോര്‍ച്ചാ ശ്രീനാരായണപുരം കിഴക്കന്‍ മേഖലാ ഭാരവാഹിയുമായ ഏരാച്ചേരി രാഗേഷ് ആയിരുന്നു. ഒബിസി മോര്‍ച്ച കൈപ്പമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്വീകരണം നല്‍കിയത്. പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഫഌക്‌സില്‍ രാകേഷിന്റെ ചിത്രമുണ്ടായിരുന്നു. ബിജെപിയുടെ പല ചുമതലകളും വഹിക്കുന്ന ഇദ്ദേഹം അറിയപ്പെടുന്ന പ്രവര്‍ത്തകനുമാണ്. ഇന്നലത്തെ പരിശോധനയോടെയാണ് കള്ളനോട്ടിനെതിരേ പ്രസംഗിച്ചും നോട്ടു നിരോധനത്തിനെ പുകഴ്ത്തിയും നടന്നിരുന്ന ഇയാളുടെ യഥാര്‍ഥ മുഖം വെളിപ്പെട്ടത്. കുറച്ചുകാലമായി ഇയാള്‍ പോലിസ് നിരീക്ഷണത്തിലായിരുന്നു. പണം പലിശയ്ക്ക് കൊടുക്കുന്നത് ഉള്‍െപ്പടെയുള്ള നിരവധി ഇടപാടുകള്‍ ഇയാള്‍ നടത്തിയിരുന്നു. പണം പലിശയ്ക്ക് കൊടുക്കുന്നത് സംബന്ധിച്ച് ഇയാള്‍ക്കെതിരേ നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു നിരീക്ഷണം. ഇയാളുടെ വീട്ടില്‍നിന്നു കള്ളനോട്ടുകള്‍ പിടിച്ചെടുത്ത സാഹചര്യത്തില്‍ ഇയാള്‍ നിര്‍മിച്ച കള്ളനോട്ടുകളാണോ പലിശയ്ക്ക് പണം വാങ്ങാന്‍ എത്തിയവര്‍ക്ക് കൊടുത്തതെന്ന് സംശയമുള്ളതായി പോലിസ് പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ താന്‍ തികഞ്ഞ ബിജെപി പ്രവര്‍ത്തകനാണെന്ന് ഉദ്‌ഘോഷിച്ച വ്യക്തികൂടിയാണ് രാഗേഷ്. പ്രദേശത്തെ സംഘര്‍ഷങ്ങളുടെ പേരില്‍ ഇടതുപ്രവര്‍ത്തകര്‍ രാഗേഷ് അടക്കമുള്ളവരെ ക്രിമിനലാക്കി ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയതോടെ രാജ്യത്തിനുവേണ്ടി ക്രിമിനലാവാനും തയ്യാറെന്ന് പറഞ്ഞാണ് അദ്ദേഹം സ്വന്തം കൂറുതെളിയിച്ചത്. ഇങ്ങനെ ബിജെപിയെ മറയാക്കിയ ക്രിമിനലായിരുന്നു രാഗേഷ് എന്ന് നാട്ടുകാര്‍ പരിചയപ്പെടുത്തുന്നു. ദീര്‍ഘകാലമായി ഇവിടെ കള്ളനോട്ടടിക്കുന്നതായാണ് വിവരം. ഇയാള്‍ക്കു പിന്നില്‍ വന്‍സംഘം പ്രവര്‍ത്തിക്കുന്നതായും സൂചനകളുണ്ട്. നോട്ട് പിന്‍വലിക്കലിന് ശേഷം പുറത്തിറങ്ങിയ നോട്ടുകളുടെ കള്ളനോട്ട് അടിക്കാനുള്ള സംവിധാനം ബിജെപി നേതാവിന്റെ വീട്ടിലുണ്ടെന്നത് ഗൗരവതരമായ കാര്യമാണ്. ഇക്കാര്യം ബിജെപി നേതാക്കളെ ശരിക്കും ഞെട്ടിച്ചിട്ടുണ്ട്. പ്രശ്‌നത്തില്‍ ബിജെപി നേതാക്കളാരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Next Story

RELATED STORIES

Share it