Flash News

കള്ളനോട്ട് സംഘത്തിലെ മൂന്നുപേര്‍ കൂടി പിടിയില്‍



താമരശ്ശേരി: കള്ളനോട്ട് സംഘത്തിലെ മൂന്നുപേര്‍ കൂടി പോലിസ് പിടിയില്‍. പൂഞ്ഞാര്‍ പുത്തന്‍ വീട്ടില്‍ ഗോള്‍ഡ് ജോസഫ് (38), കാഞ്ഞങ്ങാട് ബളാല്‍ കല്ലംചിറ മുക്കൂട്ടില്‍ ശിഹാബ് (34), പൂഞ്ഞാര്‍ പുത്തന്‍വീട്ടില്‍ വിപിന്‍ (33) എന്നിവരെയാണു വടകര എസ്പിയുടെ നിര്‍ദേശ പ്രകാരം താമരശ്ശേരി ഡിവൈഎസ്പി പിസി സജീവന്റെ ക്രൈം സ്‌ക്വാഡ് അംഗങ്ങള്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ സംഘത്തിലെ കോഴിക്കോട് പൂനൂര്‍ സ്വദേശിയും സിനിമാ പ്രവര്‍ത്തകനുമായ പെരിങ്ങളം വയല്‍ പറയരുകണ്ടി താമസിക്കുന്ന സാബു എന്ന ആശാരി സാബു (46)വിനെ കഴിഞ്ഞ ദിവസം പണം മാറുന്നതിനിെട പിടികൂടി കൊടുവള്ളി പോലിസില്‍ ഏല്‍പിച്ചിരുന്നു. ഇയാളെ ചോദ്യംചെയ്തതിനെ തുടര്‍ന്നാണു സംഘത്തെ കുടുക്കാനായത്. ഇയാളില്‍ നിന്ന് 55,000 രൂപ കണ്ടെടുക്കുകയും ചെയ്തു. ഇയാള്‍ക്കു കാഞ്ഞങ്ങാട് സ്വദേശി ശിഹാബ് ആണ് വ്യാജ നോട്ട് നല്‍കിയതെന്നും ബാംഗ്ലൂരിലെ ഹെസൂരില്‍ നിന്നാണ് നോട്ട് പ്രിന്റ് ചെയ്യുന്നതെന്നും മനസ്സിലായി. ഇതേത്തുടര്‍ന്ന് പോലിസ് ഇവര്‍ താമസിക്കുന്ന സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 2000 രൂപയുടെ 970 നോട്ടുകളും 500 രൂപയുടെ 24 കെട്ട് നോട്ടുകളുമടക്കം 31,40,000 രൂപയുടെ വ്യാജനാണു പിടികൂടിയത്. ഇവ പ്രിന്റ് ചെയ്യാനുള്ള ആറ് പ്രിന്ററുകള്‍ ഭാഗികമായി പ്രിന്റ് ചെയ്ത 500ന്റെ 700 പേപ്പറുകള്‍, സ്‌കാനറുകള്‍, മഷി, മറ്റ് ഉപകരണങ്ങളും പിടികൂടി. നോട്ടില്‍ റിസര്‍വ് ബാങ്കിന്റെ അക്ഷരത്തിലെ ചെറിയ ഒരു മാറ്റം മാത്രമാണുള്ളത്. 2015ല്‍ കോഴിക്കോട് കസബ സ്‌റ്റേഷനില്‍ ജോസഫിന്റെയും ശിഹാബിന്റെയും പേരില്‍ സമാനമായ കേസുണ്ട്. നാലു മാസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയതാണ്. ഇതിനു പുറമെ ഇന്നലെ പിടികൂടിയ മൂന്നുപേരും കള്ളനോട്ട് കേസില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് പോലിസ് അന്വേഷിക്കുന്ന പ്രതികളുമാണ്.
Next Story

RELATED STORIES

Share it