കള്ളനോട്ട് കേസില്‍ മകനും ബാങ്ക് തട്ടിപ്പില്‍ അമ്മയും പിടിയില്‍

പാല: പാലായിലെ സ്വകാര്യ ബാങ്കിന്റെ എടിഎം ക്യാഷ് ഡെപ്പോസിറ്റ് മെഷീനില്‍ കള്ളനോട്ട് നിക്ഷേപിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. പാലാ ഓലിക്കല്‍ അരുണ്‍ സെബാസ്റ്റിയനെ(29) യാണ് അറസ്റ്റുചെയ്തത്. സഹകരണബാങ്കിലെ 50 ലക്ഷം തട്ടിയ കേസില്‍ അരുണിന്റെ അമ്മയും പിടിയിലായി. സഹകരണ ബാങ്കില്‍ കാഷ്യറായിരുന്ന മറിയാമ്മ (52) യാണ് പിടിയിലായത്. പ്രതികളെ ഒളിവില്‍ പോവാന്‍ സഹായിച്ച അയര്‍ക്കുന്നം സുനിവിലാസ് സുരേഷ് (49), പയപ്പാര്‍ സ്വദേശിയും പാല സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമായ അനൂപ് ബോസ് എന്നിവരും അറസ്റ്റിലായി.
കഴിഞ്ഞ ദിവസം എറണാകുളത്തെ ഒരു ഫഌറ്റില്‍നിന്നാണ് പാല സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ രാജന്‍ കെ അരമന, എസ്‌ഐ അഭിലാഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഇവരെ അറസ്റ്റു ചെയ്തത്.
അരുണ്‍ പാലായില്‍ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിവരുകയായിരുന്നു. ഫോട്ടോസ്റ്റാറ്റ് യന്ത്രം ഉപയോഗിച്ച് 2,000 രൂപയുടെ കളര്‍ പകര്‍പ്പുകളെടുത്താണ് ബാങ്കിന്റെ സിഡിഎം മെഷീനില്‍ നിക്ഷേപിച്ചത്. 2000 രൂപയുടെ അഞ്ച് നോട്ടുകളാണ് കണ്ടെത്തിയത്. പോലിസ് പണം നിക്ഷേപിച്ച ആളിന്റെ അക്കൗണ്ട് നമ്പര്‍ തിരിച്ചറിഞ്ഞാണ് അന്വേഷണം ആരംഭിച്ചത്. ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളിലെ ബാങ്കുകളില്‍ കള്ളനോട്ടുകള്‍ നിക്ഷേപിച്ച ശേഷം രണ്ടുദിവസത്തിനുള്ളില്‍ തുല്യമായ തുക എടിഎം മുഖേന പിന്‍വലിക്കുകയായിരുന്നു. ഇത്തരത്തില്‍ 50,000 രൂപയോളം വിവിധ ബാങ്കുകളില്‍നിന്ന് പിന്‍വലിച്ചിട്ടുണ്ടന്ന് പോലിസ് പറഞ്ഞു. എടിഎമ്മിലെ പഴയ സിഡിഎം മെഷിനുകള്‍ക്ക് ഇത്തരത്തില്‍ കള്ളനോട്ടുകള്‍ തിരിച്ചറിയുന്നതിന് പരിമിതികളുണ്ട്. എന്നാല്‍, പുതിയ മെഷീനുകള്‍ കള്ളനോട്ടുകള്‍ തിരിച്ചറിയും. പാലായില്‍ സിഡിഎം മെഷീന്‍ കള്ളനോട്ടുകള്‍ തിരിച്ചറിഞ്ഞതാണ് തട്ടിപ്പ് തിരിച്ചറിയാന്‍ ഇടയാക്കിയത്. എറണാകുളത്ത് കംപ്യൂട്ടര്‍ സ്ഥാപനവും അരുണ്‍ നടത്തുന്നുണ്ട്.
കാഷ്യറായി ജോലി ചെയ്യുന്ന പാലായിലെ ഒരു സഹകരണ ബാങ്കിന്റെ ലോക്കറില്‍നിന്ന് 50 ലക്ഷം രൂപയോളം തട്ടിയെടുത്തതിനാണ് മറിയാമ്മ പിടിയിലായത്. ബാങ്ക് അധികൃതര്‍ ഇതുസംബന്ധിച്ച് പോലിസിന് പരാതി നല്‍കിയിരുന്നു. കള്ളനോട്ട് കേസില്‍ മകന്‍ പ്രതിയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ മറിയാമ്മ ജോലിക്കെത്തിയിരുന്നില്ല. ഇതെത്തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പരിശോധന നടത്തിയപ്പോഴാണ് പണം കുറവുള്ളതായി കണ്ടെത്തിയത്. വര്‍ഷങ്ങളായി ബാങ്കില്‍ ക്യാഷ്യറാണ് മറിയാമ്മ. എല്ലാ ദിവസവും പണം സംബന്ധിച്ച് മാനേജര്‍ പരിശോധന നടത്താത്തതാണ് തട്ടിപ്പ് തിരിച്ചറിയാന്‍ സാധിക്കാത്തതിന് കാരണമെന്ന് പോലിസ് പറഞ്ഞു. ഒരുതവണ പരിശോധന നടത്തിയെങ്കിലും പണം തിരികെ ലോക്കറില്‍ വച്ചിരുന്നതിനാല്‍ തിരിച്ചറിഞ്ഞില്ല.
വീഴ്ച വരുത്തിയ മുതിര്‍ന്ന ജീവനക്കാരെ കേസില്‍ പ്രതിയാക്കുന്നത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചതിനു ശേഷം നടപടിയെടുക്കുമെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it