Flash News

കള്ളനോട്ടുമായി പിടിയിലായ സംഘം റിമാന്‍ഡില്‍



ചാവക്കാട്: 21.5 ലക്ഷത്തിന്റെ കള്ളനോട്ടുമായി പിടിയിലായ മൂന്നംഗസംഘത്തെ റിമാന്‍ഡ് ചെയ്തു. വടക്കാഞ്ചേരി സീന മന്‍സിലില്‍ റഷീദ് (36), കുന്നംകുളം കരിക്കാട് മണ്ടംമ്പിള്ളി ജോയി (51), മരത്തംകോട് കളത്തിങ്കല്‍ മുജീബ് റഹ്മാന്‍ (44) എന്നിവരെയാണ് കഴിഞ്ഞ ദിവസം 21.5 ലക്ഷത്തിന്റെ കള്ളനോട്ടുമായി ചാവക്കാട് സിഐ കെ ജി സുരേഷ് അറസ്റ്റ് ചെയ്തത്. കാറില്‍ കള്ളനോട്ടുമായി സംഘം ചാവക്കാട്ട് വരുന്നുണ്ടെന്നു എസ്പി യതീഷ് ചന്ദ്രയ്ക്കു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് സിഐയുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം നഗരത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ വലയിലായത്. പിടിയിലാവുമ്പോള്‍ ഇവരുടെ കൈവശം രണ്ടുലക്ഷം രൂപയുടെ കള്ളനോട്ട് ഉണ്ടായിരുന്നു. ബാക്കി 19.5 ലക്ഷം പ്രതികളിലൊരാളായ റഷീദിന്റെ ചേലക്കര ആറ്റൂരിനടുത്തു കമ്പനിപ്പടിയിലുള്ള വാടകവീട്ടില്‍ നിന്നാണ് പോലിസ് കണ്ടെടുത്തത്. അസ്സല്‍ നോട്ടുകള്‍ വാങ്ങി കള്ളനോട്ട് കാറില്‍ വിവിധ സ്ഥലങ്ങളിലെത്തിച്ചു വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതിയെന്നു പോലിസ് പറഞ്ഞു. 2000, 500, 100 രൂപ എന്നിവയുടെ നോട്ടുകളാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. കള്ളനോട്ടടിക്കുന്നതിനുള്ള രണ്ടു പ്രിന്ററുകള്‍, മഷി, സ്‌കാനര്‍ എന്നിവയും വാടകവീട്ടില്‍ നിന്നു പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച കുന്നംകുളത്ത് രണ്ടുലക്ഷം രൂപ വിതരണം ചെയ്തതായി പ്രതികള്‍ പോലിസിനോട് സമ്മതിച്ചു. 50,000 രൂപയുടെ നോട്ട് നല്‍കിയാല്‍ ലക്ഷം രൂപയുടെ കള്ളനോട്ട് തിരിച്ചുനല്‍കുകയായിരുന്നു കള്ളനോട്ടുസംഘത്തിന്റെ രീതി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാര്‍ വഴി നോട്ടുകള്‍ വിതരണം ചെയ്യുകയായിരുന്നു സംഘം. ചെറിയ തുക വരെ നല്‍കി കള്ളനോട്ടുകള്‍ വിറ്റഴിക്കാനുള്ള ശ്രമവും സംഘം നടത്തിയിരുന്നതായി പറയുന്നു. നോട്ടുകള്‍ക്കിടയില്‍ തിരുകിക്കയറ്റി കള്ളനോട്ട് ചെലവാക്കുന്ന രീതിയും സംഘം പരീക്ഷിച്ചിരുന്നു. ഇവരുടെ കണ്ണികളായി പ്രവര്‍ത്തിച്ചിട്ടുള്ള ഏജന്റുമാരെക്കുറിച്ചും അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു. എസ്‌ഐ മാധവന്‍, എഎസ്‌ഐമാരായ അനില്‍ മാത്യു, സാബുരാജ്, സുനില്‍, സീനിയര്‍ സിപിഒമാരായ രാഗേഷ്, സുദേവ്, ജോഷി, സിപിഒമാരായ റെനീഷ്, സുജിത്ത്, ബിസ്മിത എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
Next Story

RELATED STORIES

Share it