wayanad local

കല്‍പ്പറ്റയിലെ നടപ്പാതകള്‍ നവീകരിക്കാന്‍ രണ്ടു കോടി

കല്‍പ്പറ്റ: നഗരത്തിലെ ഫുട്പാത്തുകള്‍ നവീകരിക്കുന്നു. ഇതിനായി നരരസഭാബജറ്റില്‍ രണ്ടു കോടി രൂപ വകയിരുത്തി. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഫണ്ടും ഉപയോഗപ്പെടുത്തി കൈവരികള്‍ ഉള്‍പ്പെടെ നിര്‍മിച്ചാണ് നടപ്പാതകള്‍ നവീകരിക്കുന്നത്. തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാത്ത അവസ്ഥയിലാണ് നിലവില്‍ ഫുട്പാത്തിന്റെ പല ഭാഗങ്ങളും.
നഗരസഭയില്‍ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ 1994ലെ മുനിസിപ്പല്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും വിധേയമായി സെക്രട്ടറി കെ ജി രവീന്ദ്രനാണ് ബജറ്റ് തയ്യാറാക്കി ചര്‍ച്ചയ്ക്കും അംഗീകാരത്തിനുമായി കൗണ്‍സിലില്‍ അവതരിപ്പിച്ചത്. മുന്നിരിപ്പ് ഉള്‍പ്പെടെ 44,44,19,000 രൂപ വരവും 44,01,59,000 രൂപ ചെലവും കണക്കാക്കുന്നതാണ് 2018-19ലെ ബജറ്റ്. ഉല്‍പാദന മേഖലയില്‍ 26 ലക്ഷവും സേവന മേഖലയില്‍ 584 ലക്ഷവും പശ്ചാത്തല മേഖലയില്‍ റോഡുകളുടെ പരിപാലനത്തിനു 20.56 ലക്ഷവും പുതിയ റോഡുകള്‍ ഉള്‍പ്പെടെ ആസ്തികള്‍ സൃഷ്ടിക്കുന്നതിനു 205 ലക്ഷവും രൂപ വകയിരുത്തിയിട്ടുണ്ട്.
ഭവന നിര്‍മാണത്തിനു 11.16 കോടി രൂപയാണ് നീക്കിവച്ചത്. ഇതില്‍ 7.6 കോടി രൂപ പാതിവഴിയില്‍ നിര്‍മാണം നിലച്ച വീടുകളുടെ പ്രവൃത്തി ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയാക്കുന്നതിനാണ്. പ്രധാനമന്ത്രി ആവാസ് യോജനയില്‍ നാലു കോടി രൂപ വകയിരുത്തി. പട്ടികജാതി വിഭാഗം ഭവന നിര്‍മാണത്തിനു 45 ലക്ഷം രൂപയും പട്ടികവര്‍ഗ വിഭാഗം ഭവന നിര്‍മാണത്തിനു 44 ലക്ഷം രൂപയും നീക്കിവച്ചു.
അഗതികള്‍ക്കായി മുണ്ടേരിയില്‍ രാത്രികാല അഭയകേന്ദ്രം-160 ലക്ഷം രൂപ, വിദ്യാഭ്യാസം-57 ലക്ഷം, പാലിയേറ്റീവ് കെയര്‍-10 ലക്ഷം, അര്‍ബന്‍ ഹെല്‍ത്ത് സെന്ററിലും ഹോമിയോ ആശുപത്രിയിലും മരുന്ന്-11 ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ്-328 ലക്ഷം, സാമൂഹിക പെന്‍ഷന്‍-463 ലക്ഷം, മാലിന്യ പ്ലാന്റ് നിര്‍മാണം-88 ലക്ഷം, നഗരസഭ കെട്ടിട നിര്‍മാണം-10 ലക്ഷം, കൈമാറിക്കിട്ടിയ സ്ഥാപനങ്ങള്‍ക്ക് കെട്ടിടം-10 ലക്ഷം, കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കുടിവെള്ളം വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിനും 222 ലക്ഷം, മുണ്ടേരി ബഡ്‌സ് സ്‌കൂള്‍-20 ലക്ഷം, സ്‌കൂള്‍ കെട്ടിട നവീകരണം-മൂന്നു ലക്ഷം, വയോമിത്രം-2.5 ലക്ഷം, കുടുംബശ്രീയുമായി സഹകരിച്ച് വനിതകള്‍ക്ക് വരുമാനദായക പദ്ധതികള്‍-40 ലക്ഷം, സമഗ്ര കുടിവെള്ള വിതരണം-50 ലക്ഷം രൂപ  എന്നിങ്ങനെയും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. ചര്‍ച്ചയില്‍ ചെയര്‍പേഴ്‌സന്റെ ചുമതലയുള്ള വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ എ പി ഹമീദ്, ടി ജെ ഐസക്, കെ അജിത, സനിത ജഗദീഷ് പങ്കെടുത്തു.
Next Story

RELATED STORIES

Share it