Flash News

കല്‍ക്കരിപ്പാടം അഴിമതി : 32 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി



ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മധ്യപ്രദേശിലെ ഒരു കമ്പനിയുടെ 32 കോടിയുടെ സ്വത്ത് കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്ന വകുപ്പുപ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടാനാണ് ഇഡി ഉത്തരവിട്ടത്.സത്‌ന ജില്ല സഗ്മ ഗ്രാമത്തിലെ കമാല്‍ സ്‌പോഞ്ച് ആന്റ് സ്റ്റീല്‍ പവര്‍ ലിമിറ്റഡ് കമ്പനിയുടെ ബാങ്ക് ബാലന്‍സും, സ്വത്തുക്കളും, ഉപകരണങ്ങളും, ഭൂമിയും, വൈദ്യുത പ്ലാന്റുകളുമാണ് കണ്ടുകെട്ടിയത്.ഈ കമ്പനിയുള്‍പ്പെടെ രണ്ടു കമ്പനികള്‍ക്കാണ് 2008 നവംബറില്‍ മധ്യപ്രദേശിലെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചു നല്‍കിയത്. എന്നാല്‍, പാടങ്ങള്‍ അനുവദിച്ചു നല്‍കാനായി കമാല്‍ സ്‌പോഞ്ച് ആന്റ് സ്റ്റീല്‍ കമ്പനി കൃത്രിമ രേഖയുണ്ടാക്കുകയായിരുന്നു. വരുമാനത്തിലും നിര്‍മാണ ശേഷിയിലുമാണ് കമ്പനി കൃത്രിമ കണക്കുകള്‍ കാണിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. 2014 ആഗസ്ത് 25ന് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതു റദ്ദ് ചെയ്യണമെന്ന് സുപ്രിംകോടതി വിധി വന്നിരുന്നു. കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ച് കിട്ടുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വേണ്ടിയാണ് കണക്കുകളില്‍ കൃത്രിമം കാണിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു. കൂടാതെ ഓഹരി വില്‍പനയിലൂടെ 2007-08 മുതല്‍ 2009-10 വരെയുള്ള കാലഘട്ടത്തില്‍ 32,17,500 രൂപ കൈപറ്റിയതിന് കമ്പനിക്കെതിരേ മറ്റൊരു കേസും നിലനില്‍ക്കുന്നുണ്ട്.സിബിഐ കമ്പനി തലവന്‍ പവന്‍കുമാര്‍ ആലുവാലിയക്കും കമ്പനിക്കുമെതിരായ രജിസ്റ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി.
Next Story

RELATED STORIES

Share it