kozhikode local

കല്ലന്‍തോട് നീര്‍ത്തട പദ്ധതി; ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു

മുക്കം: കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ഏക്കര്‍ കണക്കിന് വയലുകള്‍ കൃഷിയോഗ്യമാക്കുന്നതിനായി തുടക്കം കുറിച്ച കല്ലന്‍തോട് നീര്‍ത്തട പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു.
ജലസേചന വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ബാബു തോമസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി കെ ഉണ്ണികൃഷ്ണന്‍,അസിസ്റ്റന്റ് എന്‍ജിനീയര്‍ ഫൈസല്‍, ഓവര്‍സിയര്‍ മോഹന്‍ദാസ്, കൃഷി ഓഫിസര്‍ സാജിദ് അഹമ്മദ്, നാരായണന്‍ നായര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല, കെ പി ചന്ദ്രന്‍, ചേറ്റൂര്‍ മുഹമ്മദ്, മോയിന്‍ ബാപ്പു, എ സി മൊയ്തീന്‍, മുഹമ്മദ് കുട്ടി കുറുവാടങ്ങല്‍ എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ച് പുരോഗതി വിലയിരുത്തിയത്.
വര്‍ഷങ്ങളായി നെല്‍കൃഷി മുടങ്ങിക്കിടന്ന 250 ഏക്കറോളം വയലുകളില്‍ കൃഷി ആരംഭിക്കുന്നതിനായി 80 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. നാലു കിലോമീറ്റര്‍ തോട് നവീകരിച്ച് ഇതിന് ഇരുകരകളിലുമായുളള വയലുകളില്‍ നെല്‍കൃഷിയാരംഭിക്കുന്നതാണ് പദ്ധതി. കനത്ത വെള്ളക്കെട്ട് കാരണം 25 വര്‍ഷത്തിലധികമായി നെല്‍ക്കൃഷി മുടങ്ങിയ വയലുകളാണിവ.
പന്നിക്കോട് എടപ്പറ്റ മുതല്‍ ചെറുവാടി ഇരുവഴിത്തി പുഴയോരം വരെയുള്ള 500 ഏക്കറോളം വയലില്‍ പൊറ്റമ്മല്‍ നടക്കല്‍ ഭാഗം മുതലുള്ള 250 ഏക്കര്‍ കൃഷിയോഗ്യമാക്കുന്നതിനായി രണ്ടു മാസം മുമ്പാണ് നടപടി തുടങ്ങിയത്. പദ്ധതിക്കെതിരെ ചിലര്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. പരാതിക്കാരുടെ ലക്ഷ്യം പദ്ധതി തകര്‍ക്കലാണന്നും പരാതിയുടെ പേരില്‍ പ്രവൃത്തി മുടങ്ങിയെന്ന വാര്‍ത്ത ശരിയല്ലന്നും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി ടി സി അബ്ദുല്ല പറഞ്ഞു.
Next Story

RELATED STORIES

Share it