Pathanamthitta local

കലോല്‍സവങ്ങള്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും മല്‍സരമാവരുത്: മന്ത്രി മാത്യു ടി തോമസ്

തിരുവല്ല: കലോല്‍സവങ്ങള്‍ മാതാപിതാക്കളുടെയും അധ്യാപകരുടെയും മല്‍സരമായി മാറരുതെന്ന് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. റവന്യു ജില്ല സ്‌കൂള്‍ കലോല്‍സവം തിരുമൂലപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലോല്‍സവത്തിലെ മല്‍സരങ്ങള്‍ കഴിവുകള്‍ പ്രകടിപ്പിച്ച് അതു വളര്‍ത്താന്‍ വേണ്ടിയുള്ള ലക്ഷ്യത്തോടു കൂടിയായിരിക്കണം. കലോല്‍സവങ്ങളിലൊക്കെയുണ്ടാകുന്ന ഒരു അപകടം മല്‍സരങ്ങള്‍ പലപ്പോഴും അനാരോഗ്യകരമായ പ്രവണതകളിലേക്ക് നീങ്ങുന്നുവെന്നുള്ളതാണ്. ഏറ്റവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടു  കൂടി കലാപരിപാടികള്‍  അവതരിപ്പിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ദേശീയ സ്‌കൂള്‍ കായികമേള ജേതാവ് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്‌കൂളിലെ അനന്തു വിജയനെ മന്ത്രി ആദരിച്ചു.
കേരളത്തിലെ കലോല്‍സവങ്ങള്‍ രാജ്യത്തിന് മാതൃകയാണെന്ന് യോഗത്തില്‍  അധ്യക്ഷത വഹിച്ച ആന്റോ ആന്റണി എംപി പറഞ്ഞു. റവന്യു ജില്ലാ കലോല്‍സവത്തിന്റെ ലോഗോ രൂപകല്‍പ്പന ചെയ്ത പത്തനംതിട്ട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥി എം അമീറിനെ എംപി ആദരിച്ചു. കല ആസ്വദിക്കാനാണ് പ്രശ്‌നങ്ങള്‍  സൃഷ്ടിക്കാനല്ലെന്ന് കലാ മല്‍സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച സിനിമാ സംവിധായകന്‍ ബാബു തിരുവല്ല പറഞ്ഞു.
നഗരസഭ ചെയര്‍മാന്‍ കെ വി വര്‍ഗീസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍  കുര്യന്‍, ജില്ലാ പഞ്ചായത്തംഗം സാം ഈപ്പന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം കെ ഗോപി, ഡയറ്റ് പ്രിന്‍സിപ്പല്‍ എം രാജേഷ്, ഡിഇഒ പി ഉഷാദേവി, എഇഒ പി ആര്‍ പ്രസീന, എസ്എന്‍വിഎച്ച്എസ് സ്‌കൂള്‍ മാനേജര്‍ പി ടി പ്രസാദ്,  സ്‌കൂള്‍ ലീഡര്‍ പി എം പ്രണവ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it