കലാഭവന്‍ മണിയുടെ മരണകാരണം കരള്‍രോഗമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്

തൃശൂര്‍: ഗുരുതരമായ കരള്‍ രോഗമാണ് മരണത്തിനു കാരണമെന്ന് കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. മരുന്നുകള്‍ കഴിച്ചതാവാം മറ്റു രാസവസ്തുക്കളുടെ സാന്നിധ്യത്തിനു പിന്നിലെന്നും റിപോര്‍ട്ടില്‍ പറയുന്നു. എങ്കിലും മീഥെയ്ല്‍ ആള്‍ക്കഹോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ മണിയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കയച്ചു. ശരീരത്തില്‍ മെഥനോള്‍ സാന്നിധ്യം സംബന്ധിച്ച ഡോക്ടര്‍മാരുടെ സംശയത്തെ തുടര്‍ന്നാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തതും പോസ്റ്റ്‌മോര്‍ട്ടം നടത്തിയതും. വ്യാജമദ്യത്തിലും മറ്റും കാണുന്ന വിഷം എങ്ങനെ മണിയുടെ ശരീരത്തില്‍ കണ്ടെത്തിയെന്നായിരുന്നു പോലിസിനെ കുഴപ്പിച്ചത്.
മണി കുഴഞ്ഞ് വീണ ദിവസം മണിയോടൊപ്പം മദ്യപിച്ചെന്ന് പറയുന്ന അഞ്ചംഗ സംഘത്തെ ഡിവൈഎസ്പി കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ചോദ്യം ചെയ്ത് വിട്ടയച്ചു. ചലച്ചിത്രതാരം ജാഫര്‍ ഇടുക്കി ഉള്‍പ്പെടെയുള്ളവരെയാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തൃശൂര്‍ അഡ്മിനിസ്‌ട്രേഷന്‍ ഡിവൈഎസ്പി കെ എസ് സുദര്‍ശന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം പുറത്തു വരുന്നതോടെ കൂടുതല്‍ ചിത്രം തെളിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
Next Story

RELATED STORIES

Share it