Gulf

കലയില്‍ ദേശീയ ദിനം ചാലിച്ച് ഡിസൈനര്‍മാര്‍

ദോഹ: വെള്ളിയാഴ്ച ദേശീയ ദിനം ആഘോഷിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന രാജ്യം മറൂണ്‍ നിറത്തില്‍ കുളിച്ചു നില്‍ക്കേ ജനങ്ങളില്‍ ദേശീയ ബോധത്തിന്റെ ലഹരി പടര്‍ത്തുന്നതിന് ഡിസൈനര്‍മാര്‍ പുതിയ ആശയങ്ങളുമായെത്തി. പടിഞ്ഞാറന്‍ ശൈലിയോട് പ്രാദേശിക കൂട്ടുകള്‍ ചേര്‍ത്താണ് അമീര്‍, പിതാവ് അമീര്‍, ശെയ്ഖ മോസ, മറ്റ് പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങള്‍ അടങ്ങിയ വിവിധ ഉല്‍പന്നങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. ഇവയില്‍ പലതും ദേശീയ ദിനാഘോഷത്തിന്റെ പ്രധാന വേദികളിലൊന്നായ ദര്‍ബ് അല്‍സാഇയില്‍ കാണാം.
സൗദി ഡിസൈനര്‍ റാസ സുലൈമാന്‍ തയ്യാറാക്കിയ ഫാനില കൗച്ചര്‍ എന്ന പേരിലുള്ള വസ്ത്രങ്ങള്‍ ഏറെ ജനപ്രിയമായ ലോക്കല്‍ ബ്രാന്‍ഡാണ്.
കഴിഞ്ഞ വര്‍ഷമാണ് ആദ്യമായി ദേശീയ ദിനത്തോടനുബന്ധിച്ച് മലാകത്ത് അല്‍സഹ്‌റ(മരുഭൂമിയിലെ രാജ്ഞി) എന്ന പേരില്‍ പ്രത്യേക ഡിസൈന്‍ തയ്യാറാക്കിയത്. ഇത്തവണ അമീറിന്റെ ചിത്രങ്ങള്‍ക്കൊപ്പം അറബി കാലിഗ്രാഫി, സ്വര്‍ണ നെക്‌ലേസ്, മുത്തുകള്‍, നാണയങ്ങള്‍ എന്നിവയുടെ ചിത്രങ്ങള്‍ കൂടി തുന്നിച്ചേര്‍ത്താണ് അവര്‍ വസ്ത്രങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മറൂണ്‍, സ്വര്‍ണം, വെള്ള നിറങ്ങള്‍ സമന്വയിപ്പിച്ചാണ് വിവിധ രൂപത്തിലുള്ള വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
70 റിയാല്‍ മുതല്‍ 800 റിയാല്‍ വരെയുള്ള വസ്ത്രങ്ങള്‍ വില്‍പ്പനയ്ക്കുണ്ട്. രാജ്യത്തെ നിരവധി സ്റ്റോറുകളിലും ദേശീയ ദിനത്താല്‍ പ്രചോദിതമായ സ്മരണികകള്‍, സ്‌റ്റേഷനറികള്‍ ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ ലഭ്യമാണ്. സണ്‍ഗ്ലാസ്, ടീഷര്‍ട്ട്, സ്വെറ്റര്‍, തലയണ തുടങ്ങി മിക്ക ഉല്‍പന്നങ്ങളിലും ദേശീയ പതാകയും ദേശീയ നേതാക്കളുടെ ചിത്രങ്ങളും നിറഞ്ഞു നില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it