ernakulam local

കലക്ടറേറ്റില്‍ തീപ്പിടിച്ചെന്ന വാര്‍ത്തആശങ്ക പരത്തി

കാക്കനാട്: സിവില്‍ സ്റ്റേഷനില്‍ 11.30 ഓടെ  തീപിടുത്തത്തിന് മുന്നറിയിപ്പ് നല്‍കി കൊണ്ടുള്ള ഫയര്‍ അലാറം മുഴങ്ങി. സിവില്‍ സ്റ്റേഷന്‍ കെട്ടിടസമുച്ചയത്തിലെ മൂന്നാം നിലയില്‍ പഴയ ബ്ലോക്കിനെയും പുതിയ ബ്ലോക്കിനെയും യോജിപ്പിക്കുന്ന കോറിഡോറില്‍ നിന്നാണ് തീയും പുകയും കണ്ടത്. മൂന്ന് മിനിറ്റിനകം ഫയര്‍ ടെന്‍ഡര്‍ അടക്കമുള്ള ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ സ്ഥലത്തെത്തി. ഒന്നിന് പുറകെ ഒന്നായി കാക്കനാട്് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നുള്ള നാല് ആംബുലന്‍സുകളും കലക്ടറേറ്റ് പരിസരത്തെത്തി. പുകയില്‍ കുരുങ്ങി അവശനായ ഒരാളെ രണ്ടാം നിലയില്‍ നിന്നും കയറുപയോഗിച്ചും മറ്റ് മൂന്നു പേരെ ഒന്നാം നിലയില്‍ നിന്നും ഗോവണിയും സ്‌ട്രെച്ചറുമുപയോഗിച്ചും പുറത്തെത്തിച്ചു.  11.45ഓടെ ആളുകളെ പൂര്‍ണമായും കെട്ടിടത്തില്‍നിന്ന് ഒഴിപ്പിച്ചു.  തുടര്‍ന്ന് 11.47 ഓടെ ഓള്‍ ക്ലിയര്‍ സന്ദേശവും. സിവില്‍സ്റ്റേഷനില്‍ ഇന്നലെ നടന്ന മോക്ക് ഡ്രില്ലിന് അങ്ങനെ വിരാമം. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടന്ന മോക്ക് ഡ്രില്ലിനു ശേഷം ഉദ്യോഗസ്ഥരുടെ അവലോകന യോഗവും ഉണ്ടായിരുന്നു. യോഗത്തില്‍ അടിയന്തിര സാഹചര്യങ്ങള്‍ നേരിടുന്നതില്‍ നിലവിലെ സംവിധാനത്തിന്റെ  മികവും പിഴവുകളും വിലയിരുത്തി.  കലക്ടറേറ്റില്‍ ജീവനക്കാരായും വിവിധ ആവശ്യങ്ങള്‍ക്കായും എത്തുന്ന ഭിന്നശേഷിയുള്ള വ്യക്തികളെ അടിയന്തര സാഹചര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കി ഒഴിപ്പിക്കേണ്ടി വരും. ഇതിനായി ഓരോ ഓഫിസിലും മൂന്നു പേരെ ചുമതലപ്പെടുത്തുകയും ഇവര്‍ക്ക് പരിശീലനം നല്‍കുകയും വേണം. തീയണയ്ക്കാനുള്ള കൂടുതല്‍ ഫയര്‍ എക്സ്റ്റിംഗ്യൂഷറുകളും കെട്ടിടത്തില്‍ സ്ഥാപിക്കണം. കെട്ടിടത്തോട് ചേര്‍ന്ന് കിടക്കുന്ന കെഎസ്ഇബി ലെയിന്‍ മാറ്റി സ്ഥാപിക്കണമെന്നും നിര്‍ദേശം ഉയര്‍ന്നു. ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഷീലാദേവി, ഫയര്‍ ആന്റ് റസ്‌ക്യു വിഭാഗം അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ സിദ്ധകുമാര്‍, പോലിസ് ഇന്‍സ്‌പെക്ടര്‍ വൈ നിസാമുദ്ദീന്‍, അഡീ.ഡിഎംഒ എസ് ശ്രീദേവി, ഫയര്‍ ആന്റ് റസ്‌ക്യു വിഭാഗത്തിന്റെ നിരീക്ഷകനായി അങ്കമാലി ഫയര്‍ സ്‌റ്റേഷന്‍ എസ്എച്ച്ഒ ടി ബി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മോക് ഡ്രില്ലിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it