Alappuzha local

കലക്ടര്‍ ഇടപെട്ടു; സിവില്‍ സ്‌റ്റേഷന്‍ ടോയ്‌ലറ്റിന് മാലിന്യത്തില്‍ നിന്നു മോചനം

കായംകുളം: കായംകുളം സിവില്‍ സ്‌റ്റേഷനില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ജനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത തരത്തില്‍ കിടന്ന ടോയ്‌ലറ്റ് ശുചീകരിക്കാത്തതിനെതിരെ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി അനുപമ ക്ക് ലഭിച്ച പരാതിയുടേയും മാധ്യമങ്ങ ളില്‍ വന്ന വാര്‍ത്തയുടേയും അടിസ്ഥാനത്തില്‍ ശുചീകരണ നടപടി.
പൊതു പ്രവര്‍ത്തകനായ സജീര്‍ കുന്നുകണ്ടമാണ് ഇതു സംബന്ധിച്ച് കലക്ടര്‍ക്ക് പരാതി നല്‍കിയത് . വിഷയം ഗൗരവമായെടുത്ത കലക്ടര്‍  പൊതുമരാമത്ത് വകുപ്പിനോട് ഒരാഴ്ച്ചക്കകം പ്രശ്‌നത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്യ്തതോടെയാണ് നവീകരണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.  ഇതിനിടെ വിഷയം സംബന്ധിച്ച് സോഷ്യല്‍ ഫോറം പ്രസിഡന്റെ അഡ്വ.  ഒ ഹാരിസ് നിയമ സേവന അതോരിറ്റി മുമ്പാകെ ഹര്‍ജി ഫയല്‍ ചെയ്യ്തു.
സിവില്‍ സ്‌റ്റേഷന്‍ ടോയ്‌ലറ്റില്‍ നിന്നും പുറത്തേ ടാങ്കിലേക്ക് മലിന ജലം ഒഴുകുന്ന പൈപ്പുകളെല്ലാം ഭാരമുള്ള വസ്തുക്കള്‍ കയറി പൊട്ടി നശിച്ച അവസ്ഥയിലായിരുന്നു. നിലവിലെ  ക്ലോസറ്റുകളും മറ്റും മാറ്റി യൂറോപ്യന്‍ ക്ലോസറ്റ് ഉള്‍പ്പെടെ പുതിയ ടോയിലറ്റ് സംവിധാനത്തിലാണ് നവീകരണം. താഴത്തെ നിലയിലെ പുരുഷന്‍മാരുടെ ടോയിലറ്റും മുകളിലത്തെ നിലയിലെ സ്ത്രീകളുടെ ടോയ്‌ലറ്റും നവീകരിച്ചിട്ടുണ്ട്. സിവില്‍ സ്‌റ്റേഷനിലെ  ടോയ്‌ലറ്റ് കക്കൂസ് മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു.
ദിവസേന നൂറുകണക്കിനു ജനങ്ങളാണ് വിവിധ ആവശ്യങ്ങളുമായി സിവില്‍ സ്‌റ്റേഷനില്‍ എത്തുന്നത്. ഇവിടെ എത്തുന്ന പൊതു ജനങ്ങള്‍ക്കും ഓഫിസ് ജീവനക്കാര്‍ക്കും വേണ്ടിയാണ് ടോയ്‌ലറ്റ് സ്ഥാപിച്ചിട്ടുള്ളതെങ്കിലും ഇത് ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ജില്ലാ കലക്ടറുടെ ഇടപെടല്‍ സിവില്‍ സ്‌റ്റേഷനില്‍ എത്തുന്ന ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ആശ്വാസമായിരിക്കുകയാണ്.
Next Story

RELATED STORIES

Share it